ഇടുക്കി: ആരോഗ്യ ജാഗ്രത പകർച്ചവ്യാധി പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി 'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം' എന്ന പേരിൽ ക്യാമ്പയിൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ മഴക്കാലപ്പൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ഓൺലൈനായി ചേർന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഷീബാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ വർഷത്തെ പകർച്ചവ്യാധികളുടെ സ്ഥിതി വിവര കണക്കുകൾ ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡി എം ഒ ഡോ.സുഷമ അവതരിപ്പിച്ചു. പരിശീലനത്തിൽ മഴക്കാല പൂർവ്വ മുന്നൊരുക്ക പ്രവർത്തനങ്ങളും പ്രവർത്തന കലണ്ടറും ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ജസീർ പി വി.വിശദീകരിച്ചു.
ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.രമേഷ് ക്ലാസ് നയിച്ചു. ലോക ജലദിനമായ മാർച്ച് 22 മുതൽ ഏപ്രിൽ 22 വരെ നീണ്ടു നില്ക്കുന്ന തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിലൂടെ മലിനീകരിക്കപ്പെട്ട തോടുകളുൾപ്പെടെ ഉള്ള ജലാശയങ്ങളുടെ ശുചീകരണവും പരിപാടിയുടെ ഭാഗമായി നടക്കും.