കട്ടപ്പന : പഴയ സ്റ്റാൻഡിന് സമീപത്തുള്ള ഭവന നിർമ്മാണ ബോർഡ് ഷോപ്പിംഗ് കോംപ്ലക്‌സിൽ കൂടുകൂട്ടിയിരിക്കുന്ന പെരുംതേനീച്ച കൂട്ടം പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. നിരവധി സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തേനീച്ച കൂടുകൾ ഉള്ളത്. ഒൻപതോളം കൂടുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ഭവന നിർമ്മാണ ബോർഡ് അധികൃതരോട് തേനീച്ച കൂടുകൾ നീക്കം ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ഐ.എച്ച് ആർ.ഡി കോളേജിന്റെ ക്ലാസ്സ് റൂമുകൾ തേനീച്ച കൂടുകൾ ഉള്ള നിലയിലാണ് പ്രവർത്തിക്കുന്നത്.ജനൽ പാളികൾ തുറന്നാൽ തേനീച്ചയുടെ കുത്തേൽക്കാൻ സാദ്ധ്യത കൂടുതലാണ്.രാത്രിയിൽ ലൈറ്റുകൾ പ്രകാശിക്കുന്നതോടെ തേനീച്ചകൾ കൂട്ടത്തോടെ സമീപത്തെ കടകൾക്ക് ഉള്ളിലേയ്ക്ക് വരുന്നതും ഭീഷണിയാണ്. തേനീച്ച കൂടുകളിൽ നിന്നുള്ള ദ്രാവകം കെട്ടിടത്തിന് താഴെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ മുകളിൽ വീഴുന്നതും നിത്യ സംഭവമാണ്. ഒന്നിലധികം തവണ ബന്ധപ്പെട്ടവരെ സമീപിച്ചപ്പോൾ നിഷേധത്തോടെയുള്ള മറുപടിയാണ് ലഭിച്ചതെന്നും ആക്ഷേപമുണ്ട്.