മൂലമറ്റം: അറക്കുളം എഫ് സി ഐ ഗോഡൗണിൽ ലോറി തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തി. അറക്കുളത്ത് നിന്ന് ലോറിയിൽ കയറ്റുന്ന സാധനങ്ങൾ നെടുങ്കണ്ടം, കട്ടപ്പന, കുട്ടിക്കാനം, തൊടുപുഴ തുടങ്ങിയ താലൂക്ക്തല ഗോഡൗണുകളിൽ ഇറക്കിയതിന് ശേഷം ലോറി തിരികെ പറഞ്ഞ് വിടാൻ അധികൃതർ തയ്യാറാകുന്നില്ല. രാവിലെ 8 മുതൽ വൈകിട്ട് 7 വരെയാണ് സമയം. ഇത്‌ പറഞ്ഞാണ് ലോഡ്‌ ഇറക്കാൻ താമസിക്കുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. കുട്ടിക്കാനം നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് താമസിച്ച് ലോഡ് ഇറക്കിയ ശേഷം മിക്കവാറും ദിവസങ്ങളിൽ രാത്രി വൈകിയാണ് തിരിച്ചെത്തുന്നത്. നിരവധി തവണ പരാതി അറിയിച്ചിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. മനപൂർവ്വം ലോറി തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിച്ചില്ലങ്കിൽ അനിച്ചിതകാല സമരം ആരംഭിക്കുമെന്ന് ഡ്രൈവർമാർ പറഞ്ഞു. അറക്കുളം എഫ് സി ഐ നിന്നും നാഷണൽ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരമുള്ള ഗോഡൗണുകളിലേക്കാണ് ലോഡുകൾ കൊണ്ടു പോകുന്നത്. സി.ഐ റ്റി.യു.യൂണിയൻ സെക്രട്ടറി പി.എം.സുനിൽ, ഐ.എൻ.റ്റി യു.സി.യൂണിയൻ സെക്രട്ടറി ബിജു കാനക്കാടൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ സൂചനാ സമരം നടത്തിയത്.