തൊടുപുഴ: പട്ടിക വർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗോത്ര കലാ പ്രദർശന വിപണന മേള 'ഉണർവ് " 21ന് രാവിലെ 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടക്കുന്ന ചടങ്ങിൽ പി.ജെ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഷീബ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ഗോത്ര കലാകാരൻമാർക്കും പാരമ്പര്യ ഉത്പാദകർക്കും കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് ഒരു കൈത്താങ്ങാകുന്നതിനും ഗോത്ര സംസ്‌കാരവും കലാരൂപങ്ങളും മുഖ്യധാരയ്ക്ക് പരിചയപ്പെടുത്തലുമാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്. 21, 22 തിയതികളിലാണ് മേള നടക്കുന്നത്. മേളയോടനുബന്ധിച്ച് വൈകിട്ട് 5.30, 6.15, 7.15 എന്നീ സമയങ്ങളിൽ ഗോത്ര കലകളായ ഊരാളിക്കൂത്ത്, മലപ്പുലയ ആട്ടം, പളിയ നൃത്തൃം, കൊലവയാട്ടം, ദണ്ഡുകൊമ്പ്, പരിചമുട്ടുകളി, മന്നാക്കൂത്ത് എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ ശ്രീലേഖ കെ.എസ്, അസി. പ്രോജക്ട് ഓഫിസർ കെ.പി നന്ദിനി എന്നിവർ പങ്കെടുത്തു.