തൊടുപുഴ: ഏഴല്ലൂർ നരസിംഹ സ്വാമി ധർമ്മശാസ്താ ക്ഷേത്രത്തിൽ ആദ്യമായി 20 മുതൽ 27 വരെ ശ്രീമദ് ഭാഗവതസപ്താഹയജ്ഞം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നീലംപേരൂർ പുരുഷോത്തമദാസ് യജ്ഞാചാര്യനാകും. മുൻ ഗുരുവായൂർ മേൽശാന്തി കക്കാട് ദേവദാസ് നമ്പൂതിരി മുഖ്യപൂജാരിയും സുനിൽ കൊട്ടിയം, സുനിൽ ശൂരനാട്, മണ്ണടി മോഹൻദാസ് എന്നിവർ യജ്ഞ പൗരാണികരുമാകും. 20ന് ഉച്ചകഴിഞ്ഞ് 1.30ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് യജ്ഞശാലയിലേക്കുള്ള വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. തൊടുപുഴയിലെ 14 ക്ഷേത്രങ്ങളിൽ വിഗ്രഹ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകും. വൈകിട്ട് 5.30ന് ചെറുതോട്ടിൻകരയിൽ നിന്ന് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ച് ക്ഷേത്രത്തിൽ എത്തിക്കും. ആറിന് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭദ്രദീപ പ്രാകാശനം നടക്കും. തൊടുപുഴ കൃഷ്ണകൃപ സത്‌സംഗസമിതി ഭാരവാഹികളും ചേർന്നാണ് ഭദ്രദീപം പ്രകാശനം നടത്തുന്നത്.
ഭാഗവത സമർപ്പണം മുകുന്ദൻ ഇ.എ.പി, വിജയൻ ഫ്രണ്ട്‌സ് എന്നിവർ ചേർന്ന് നടത്തും. ഭാഗവത മാഹത്മ്യപ്രഭാഷണം നീലം പേരൂർ പുരുഷോത്തമൻ നടത്തും. എല്ലാ ദിവസവും യജ്ഞശാലയിൽ രാവിലെ ഗണപതിഹോമം, സഹസ്രനാമജപം, ഭാഗവത പാരായണം, പ്രഭാഷണം, ഭജന എന്നിവ നടക്കും. ഓരോ ദിവസങ്ങളിലും വിവിധ വഴിപാടുകൾ നടത്താൻ ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. യജ്ഞത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഭക്തജനങ്ങൾക്കും രാവിലെയും, ഉച്ചയ്ക്കും, രാത്രിയിലും ഭക്ഷണം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7.30ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും ഉച്ചകഴിഞ്ഞ് തിരിച്ചും ഭക്തജനങ്ങൾക്ക് വാഹനസൗകര്യം ഉണ്ടാകും. സ്വാഗതസംഘം വൈസ് പ്രസിഡന്റ് എസ്. പത്മഭൂഷൺ, ക്ഷേത്രം സെക്രട്ടറി സന്തോഷ് പി.ജി, ട്രഷറർ പ്രസാദ് കൈറ്റിയാനിക്കൽ, കമ്മറ്റിയംഗം അരുൺ ബാലചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.