ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ചയിൽ വനം വകുപ്പും കേസെടുത്തു. അനുവാദമില്ലാതെ പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. വിരമിച്ച രണ്ട് എസ്.ഐമാരടക്കം നാലുപേർക്ക് എതിരെയാണ് തേക്കടി റേഞ്ച് ഓഫീസർ കേസെടുത്തത്. മതിയായ പരിശോധന നടത്താതെ ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്കെതിരെയും നടപടി ഉണ്ടാകും. തേക്കടി ബോട്ട് ലാന്റിംഗിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് ഗാർഡിനെയും വാച്ചറെയും സ്ഥലം മാറ്റും. സംഭവം സംബന്ധിച്ച് മുല്ലപ്പെരിയാർ ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അണക്കെട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ബോട്ടിൽ നാലു പേർ ഡാമിൽ എത്തിയത്. ഇവരുടെ പേരുവിവരങ്ങൾ ജിഡി രജിസ്റ്ററിൽ പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല.