മറയൂർ: വനാവകാശ രേഖപ്രകാരം ഭൂമി ലഭിക്കാനുള്ള ആദിവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ആദിവാസി മേഖലയിൽ ജില്ലാ കളക്ടർ സന്ദർശനം നടത്തി. മറയൂർ ചന്ദന വനത്തിനുള്ളിലെ കവക്കുടി ഊരാണ് സന്ദർശിച്ചത്. വനാവകാശ നിയമപ്രകാരം ഭൂമി ലഭിക്കാനുള്ളവർക്ക് വളരെ വേഗം ഭൂമി ലഭിക്കുന്നതിനുള്ള നടപടികൾ ദ്രുത ഗതിയിലാക്കുന്നതിനായാണ് ആദിവാസി മേഖലയിൽ സന്ദർശനം നടത്തിയത്.
ജില്ലാ കളക്ടർ ഷീലാ ജോർജ്ജിനൊപ്പം മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ് കുമാർ റേഞ്ച് ഓഫീസർമാർ, റവന്യൂ വകുപ്പ് ജീവനക്കാർ എന്നിവർ ആദിവാസികളുടെ പ്രശ്‌നങ്ങൾ ആരാഞ്ഞു. ലേല ദിവസമായതിനാൽ ചില്ല വിപണന കേന്ദ്രവും ജില്ലാ കളക്ടർ സന്ദർശിച്ചു. ആദിവാസി സ്ത്രീകൾ ഉൾപ്പെടെയുള്ളവരുമായി ആശയ വിനിമയം നടത്തി. കുടികളിൽ നിന്നും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലും മറ്റും എത്തിചേരുന്നതിനായി ഓഫ് റോഡ് ആംബുലൻസ് ആനുവദിച്ച് നൽകണമെന്നും നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നതിനുള്ള കേന്ദ്രം വേണമെന്നും ആവശ്യപ്പെട്ടു.