തൊടുപുഴ: ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷയെ പരിഗണിച്ചാണ് പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. വൈകിട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെയാണ് എയ്ഡ് പോസ്റ്റ് നിലവിൽ പ്രവർത്തിക്കുക. രണ്ട് പൊലീസുകാർ ഈ സമയം ഇവിടെ ഡ്യൂട്ടിയിലുണ്ടാകും. തൊടുപുഴ മേഖലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരെ നിശ്ചിത ദിവസങ്ങളിടവിട്ടാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. നേരത്തെ എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്നെങ്കിലും ഇടക്കാലത്ത് പ്രവർത്തിക്കാതെയായി. കഴിഞ്ഞ ആഴ്ച രാത്രി ആശുപത്രിയിൽ എത്തിയ സംഘം ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സിംഗ് അസിസ്റ്റന്റിനെ കൈയേറ്റം ചെയ്തിരുന്നു. കാഷ്വാലിറ്റി ഒ.പി ടിക്കറ്റിന് 20 രൂപയാക്കിയത് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ജീവനക്കാരന് മർദ്ദനമേൽക്കുന്നതിന് ഇടയാക്കിയത്. ആശുപത്രി ജീവനക്കാർ പ്രതിഷേധവും പരാതിയുമായി രംഗത്ത് വന്നെങ്കിലും ഇതേ വരെ അക്രമിയെ പിടികൂടിയിട്ടില്ല. ഇതിന് പുറമേ ഏതാനും ആഴ്ചകൾക്ക് മുമ്പ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരന്റെ നേതൃത്വത്തിൽ ആശുപത്രി മുറി കൈയടക്കി വച്ച് അനാശാസ്യം നടത്തിയ സംഭവവുമുണ്ടായിരുന്നു. അകത്ത് നിന്നടച്ച മുറി തുറക്കാൻ വനിതാ ഡോക്ടർമാർ അടക്കമുള്ളവർ ആവശ്യപ്പെടേണ്ട സാഹചര്യവുമുണ്ടായി. ഏറെ സമയത്തിന് ശേഷം തൊടുപുഴ സ്റ്റേഷനിൽ നിന്ന് പൊലീസെത്തിയാണ് മുറി തുറന്ന് ജീവനക്കാരനെയും സ്ത്രീയെയും മുറിയിൽ നിന്ന് പുറത്താക്കിയത്. ഈ ജീവനക്കാരനെ പിന്നീട് സർവീസിൽ നിന്ന് നീക്കം ചെയ്തു. ഇതിന് പുറമേ ആശുപത്രി ലോബറട്ടറിക്ക് സമീപം സൂക്ഷിച്ചിരുന്ന ബാറ്ററി മോഷണം പോയ സംഭവവും ഉണ്ടായിരുന്നു. ഒന്നിലേറെ ദിവസങ്ങളിലായി വാഹനത്തിലെത്തി ബാറ്ററി മോഷ്ടിച്ചയാളെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരം സംഭവങ്ങൾ നിരന്തരമായുണ്ടാകുന്നതിനെ തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ ഉന്നത പൊലീസ് അധികൃരോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.