മൂന്നാർ: കെ.ഡി.എച്ച്.പി കമ്പനിയിലെഎസ്റ്റേറ്റ് ലയത്തിലെ നാലു വീടുകൾ കത്തി നശിച്ചു. ചെണ്ടുവര എസ്റ്റേറ്റില പി.ആർ.ഡിവിഷനിലുള്ള വീടുകളാണ് അഗ്‌നിക്കിരയായത്. രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. കമ്പനി സൂപ്പർവൈസറായ സേവ്യറിന്റെ വീടിൽ നിന്നുമാണ് തീ പടർന്നത്. തീ പടർന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. വീടിനുള്ളിലെ ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. തീപടരുന്നതു കണ്ട തൊഴിലാളികൾ ഓടിയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയതു കാരണം വലിയ അപകടം ഒഴിവായി. സേവ്യറിന്റെ വീടിനു സമീപം തൊഴിലാളികളായ തങ്കം, മീനാക്ഷി, ആൽബർട്ട് എന്നിവരുടെ വീടുകളിലുള്ള ഉപകരണങ്ങളും കത്തി നശിച്ചു. തീ പടർന്നതോടെ വീടുകളിലുണ്ടായിരുന്നവർ പുറത്തറിങ്ങയതു കാരണം ആളപായമുണ്ടായില്ല. മൂന്നാറിൽ നിന്നുള്ള അഗ്‌നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ദേവികുളം തഹസിൽദാർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീ പടർന്ന എസ്റ്റേറ്റു ലയത്തിൽ എട്ടു വീടുകളാണ് ഉണ്ടായിരുന്നത്. വീടും വീട്ടുപകരണങ്ങളും നശിച്ച തൊഴിലാളികൾക്ക് പകരം താമസത്തിനുള്ള സൗകര്യവും ഭക്ഷണവും നൽകാനുള്ള നടപടികൾ സ്വീകരിച്ചതായി കമ്പനി അധികാരികൾ വ്യക്തമാക്കി.