നെടുങ്കണ്ടം:ഡീൻ കുര്യാക്കോസ് എം.പിക്കെയിരെ വിവാദ പരാമർശവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. അടുത്ത തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനെ ഉടുമുണ്ടില്ലാതെ ഇടുക്കിയിൽ നിന്നും ഓടിക്കുമെന്ന് നെടുങ്കണ്ടത്ത് അനീഷ് രാജന്റെ പത്താം രക്തസാക്ഷിത്വ ദിനാചരണവും എ.കെ.ജി, ഇ.എം.എസ് അനുസ്മരണവും ഉദ്ഘാടനം ചെയ്ത് കൊണ്ട് സി. വി. വർഗീസ് പറഞ്ഞു.. കണ്ടാൽ സുമുഖനാണെങ്കിലും ഡീൻ കുര്യാക്കോസ് തേരാപ്പാരാ നടക്കുന്നതല്ലാതെ ഇടുക്കിക്ക് യാതൊരു പ്രയോജനവും ഇല്ല. തന്നെ കവലച്ചട്ടമ്പിയെന്നാണ് ഡീൻ വിളിച്ചത്. സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാൻ താൻ കവലച്ചട്ടമ്പിയാകും. അതിൽ അഭിമാനമാണ്. യാതൊരു വികസനപ്രവർത്തനങ്ങളും നടത്താത്ത എം.പിയാണ് ഡീൻ. ഇദ്ദേഹത്തെ വരുന്ന തെരഞ്ഞെടുപ്പിൽ സി.പി.എം ആട്ടിപ്പായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം എൻ.കെ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ് മോഹനൻ, പി.എൻ വിജയൻ, ടി.എം ജോൺ, രമേഷ് കൃഷ്ണൻ, വി.സി അനിൽ, പി.പി സുമേഷ്, പി.എം.എം ബഷീർ. എം.എ സിറാജുദ്ദീൻ, ശോഭനാ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.