കട്ടപ്പന: ശുചീകരണത്തിന് ശേഷം തിരികെ കയറുന്നതിനിടെ യുവാവ് കിണറ്റിൽ വീണു. കാഞ്ചിയാർ പേഴുംകണ്ടത്താണ് പ്രദേശവാസിയായ സുഭാഷ് കിണറ്റിൽ വീണത്. നിസാര പരിക്കുകളേറ്റ ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പേഴുംകണ്ടം വെട്ടുകാട്ടിൽ അനിലിന്റെ വീട്ടിൽ കിണർ ശുചീകരിക്കുകയായിരുന്നു സുഭാഷ്. പണി പൂർത്തിയാക്കി തിരികെ കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കല്ലിൽ ചവിട്ടി കയറുമ്പോൾ കാൽ വഴുതി കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചിരുന്നു. പേഴുംകണ്ടം സെന്റ് ജോസഫ് പള്ളി വികാരി ഫാ. മാത്യു തകരപള്ളിൽ കിണറ്റിലിറങ്ങി അപകടത്തിൽപെട്ട സുഭാഷിന് പ്രാഥമികശുശ്രൂഷ നൽകി. തുടർന്ന് കട്ടപ്പനയിൽ നിന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തിയാണ് യുവാവിനെ കരയ്ക്കു കയറ്റിയത്.