പീരുമേട്: വേനലായതോടെ കുട്ടിക്കാനം തട്ടാത്തിക്കാനം, പള്ളിക്കുന്ന് മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഇവിടെ പഞ്ചായത്ത് കിണറും ജലസേചന വകുപ്പിന്റെ കുടിവെള്ള വിതരണ പദ്ധതിയുമുണ്ടെങ്കിലും നാട്ടുകാർക്ക് ദാഹജലം അന്യമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജലസേചന വകുപ്പിന്റെ ജലവിതരണത്തെയായിരുന്നു ആശ്രയിക്കുന്നത്. തട്ടാത്തിക്കാനത്ത്‌ ഹെലിബറിയ പദ്ധതി പ്രകാരമുള്ള ശുദ്ധജല വിതരണം കാര്യഷമമല്ല. പൈപ്പുകൾ സ്ഥാപിച്ചെങ്കിലും എല്ലാവർക്കും ഇവിടെ കണക്ഷൻ നൽകാനായിട്ടില്ല. ഒരാഴ്ചയായി പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നതിന് വേണ്ടി കുടിവെള്ള വിതരണം നിറുത്തിവച്ചു. ഈ പ്രദേശങ്ങളിൽ കുടിവെള്ളം കിട്ടാൻ മറ്റ് മാർഗങ്ങളില്ല. എസ്റ്റേറ്റുകളിൽ തോട്ടത്തിൽ നിന്ന് നൽകുന്ന കുടിവെള്ള വിതരണം ഒരളവ് വരെ തൊഴിലാളികൾക്ക് ആശ്വാസമായിട്ടുണ്ട്. കുട്ടിക്കാനത്ത് പുതിയ ജലവിതരണ പദ്ധതികൾ ആരംഭിച്ചാൽ മാത്രമേ ജലക്ഷാമം പരിഹരിക്കാനാകൂ. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്ഥിരം സംവിധാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.