നെടുങ്കണ്ടം: സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരെ രൂക്ഷ മറുപടിയുമായി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. സി.വി. വർഗീസിന്റെ ആരോപണങ്ങൾ, നായ ഓരിയിടുന്നത് പോലെ മാത്രമാണ് കാണുന്നതെന്ന് സി.പി. മാത്യു പറ‌ഞ്ഞു. കെ.പി.സി.സി നിർവാഹക സമിതിയംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ശ്രീമന്ദിരം ശശികുമാറിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ബാലഗ്രാമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പുലഭ്യം വിളമ്പുകയാണ്. കഞ്ചാവ് അടിച്ചു കാമ്പസിൽ പ്രശ്‌നമുണ്ടാക്കിയ എസ്.എഫ്‌.ഐ പ്രവർത്തകരെയും ടി.പി. വധക്കേസിലെ പ്രതികളെയും സംരക്ഷിക്കുന്ന സി.പി.എം കള്ളകേസിൽ കുടുക്കിയ കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് താങ്ങായി നിൽക്കുന്ന കോൺഗ്രസിനെ കുറ്റം പറയുന്നതിൽ എന്ത് മാന്യതയാണുള്ളത്. യോഗത്തിൽ മികച്ച ഗാന്ധിയൻ പ്രവർത്തനത്തിനുള്ള ശ്രീമന്ദിരം ശശികുമാർ സ്മാരക പുരസ്‌കാരം ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസിന് സമ്മാനിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എസ്. യശോധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാർ, നേതാക്കളായ എം.എൻ. ഗോപി, സേനാപതി വേണു, ജി. മുരളീധരൻ, പി.ആർ. അയ്യപ്പൻ, മുകേഷ് മോഹൻ, ടോമി ജോസഫ്, മിനി പ്രിൻസ്, സന്തോഷ് അമ്പിളിവിലാസം, സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ, സുജി അമ്പിത്തറയിൽ എന്നിവർ പങ്കെടുത്തു.