തൊടുപുഴ: പഠനത്തിൽ മാത്രമല്ല, കലാപ്രവർത്തനങ്ങളിലും ആയോധന കലയിലും മിടുമിടുക്കികളായിരുന്നു മെഹറിനും അസ്‌നയും. മുറിക്കുള്ളിൽ പാതികരിഞ്ഞ പാഠപുസ്തകങ്ങളും പാവകളും നോവായി അവശേഷിച്ചു. ഇതൊന്നുമറിയാതെ അവരുടെ പൊന്നോമനകളായ പൂച്ചകൾ അതുവഴി നടക്കുന്നുണ്ടായിരുന്നു. അതിലൊന്നിന് പൊള്ളലുമേറ്റു. മെഹ്‌റിന്റെയും അസ്‌നയുടെയും ഓർമയ്ക്കായി ആ പൂച്ചകുട്ടികളെ അയൽവാസിയായ രാഹുൽ ഏറ്റെടുത്തു. രാഹുലിന്റെ വീട്ടിലെ നിത്യസന്ദർശകരായിരുന്നു ഇരുവർക്കുമൊപ്പം പൂച്ചകളും. രാഹുലിന്റെ മക്കളായ നിഖിയും നിഹയുടെയും കളിക്കൂട്ടുകാരുമായിരുന്നു. തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് മെഹ്‌റിൻ. കൊടുവേലി സാഞ്ചോസ് സി.എം.ഐ പബ്ലിക് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അസ്‌ന. കൊവിഡ് കാലത്തെ വീട്ടിലിരിപ്പിന് ശേഷം സ്‌കൂൾ തുറന്നപ്പോൾ എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു ഇരുവർക്കുമെന്ന് അയൽക്കാർ ഓർക്കുന്നു. സ്‌കൂളിൽ പോകാനും കൂട്ടുകാർക്കൊപ്പം കൂടാനും ആഗ്രഹമായിരുന്നു. അവിടുത്തെ കഥകളെല്ലാം വീട്ടിലും അയൽവീട്ടിലുമെല്ലാം പോയി പറയുകയും ചെയ്തിരുന്നു. ഇവർ ഒരുമിച്ചാണ് കളരിയിൽ രാഹുലിനൊപ്പം പോയിരുന്നതും. ഇതിനിടെ മഞ്ചിക്കല്ലിൽ നിർമിക്കുന്ന പുതിയ വീടിന്റെ വിശേഷങ്ങളറിയാനും ഇരുവർക്കും ആവേശമായിരുന്നു. വീടിന് മതിൽ കെട്ടിയപ്പോൾ തന്നെ ഇരുവരും അവിടെയെത്തി ചെടിയൊക്കെ നട്ടതായി ബന്ധുക്കൾ പറയുന്നു. അതിൽ കഴിഞ്ഞ ദിവസം പൂവിടുകയും ചെയ്തു. മുത്തച്ഛനും വാപ്പയുമായി വഴക്കായിരുന്നതിനാൽ പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ ആശ്വാസമായിരുന്നു ഇരുവർക്കും. എന്നാൽ വിധി അതിന് അനുവദിച്ചില്ല. വെള്ളിയാഴ്ച വൈകിട്ട് വാപ്പാ ഫൈസൽ കടയിൽ നിന്നെത്തിയപ്പോൾ രാഹുലിന്റെ വീട്ടുകാർക്കായി കരുതിയ മുട്ടയും ശർക്കരയും എത്തിച്ചുകൊടുത്ത് യാത്ര പറഞ്ഞാണ് ഇവർ മരണത്തിലേക്ക് പോയത്.