വാപ്പയുടെ നെഞ്ചോട് ചേർന്ന് പൊന്നുമക്കൾ
തൊടുപുഴ: ഏതൊരു മനുഷ്യ മനസാക്ഷിയുടെയും ഹൃദയമുരുകുന്ന വാർത്ത കേട്ടാണ് ഇന്നലെ നാടുണർന്നത്. ചീനിക്കുഴിയെന്ന കൊച്ചു മലയോര ഗ്രാമം മാത്രമല്ല, കേരളക്കരയാകെ ആ ദാരുണ സംഭവത്തിൽ വിറങ്ങലിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസലിന്റെയും ഭാര്യ ഷീബയുടെയും പൊന്നുമക്കളായ മെഹറിൻ, അസ്‌ന എന്നിവരുടെയും കൊലപാതകവാർത്ത ഏവരെയും ഞെട്ടിച്ചു. ആ കുഞ്ഞുമക്കളെ ഇല്ലാതാക്കിയത് സ്വന്തം മുത്തച്ഛൻ തന്നെയാണെന്ന് ആർക്കും വിശ്വസിക്കാനായില്ല. 79 വയസ്സുകാരനായ ഹമീദ് നടത്തിയ അസൂത്രണത്തിൽ നിന്ന് രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലാതെയാണ് നാലംഗ കുടുംബം വെന്തുമരിച്ചത്. മക്കളെ നെഞ്ചോട് ചേർത്തണച്ച നിലയിലുള്ല പിതാവ് ഫൈസലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരുടെ പോലും ഉള്ളുലച്ചു. വെള്ളിയാഴ്ച അർദ്ധ രാത്രിയോടെ ഫൈസലിന്റെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേട്ട് അയൽവാസിയായ രാഹുലും കുടുംബവം ഓടിയെത്തുന്നത്. ഇവർ വീട്ടിലെത്തുമ്പോൾ വാതിലുകൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ ഇടത് വശത്തെ മുറിയിൽ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദവും കേട്ടു. ഇവർ വാതിലുകൾ തകർത്ത് അകത്ത് കയറുമ്പോൾ മുറിയിൽ നിറയെ പുകയും തീയുമായിരുന്നു. മുറികളിൽ നോക്കിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതിനിടെ മറ്റ് നാട്ടുകാരും പൊലീസും എത്തി. ഇവരാണ് മുറിക്കുള്ളിലെ കുളിമുറിയിൽ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. വിവരമറിഞ്ഞ് രാവിലെ മുതൽ തന്നെ സമീപ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി പേർ വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നു. പ്രദേശവാസികൾക്കെല്ലാം ഫൈസലിനെയും കുടുംബത്തെക്കുറിച്ചും നല്ലത് മാത്രമേ പറയാനുള്ളൂ. എല്ലാവർക്കു സഹായികളായിരുന്നു ഇവരെന്ന് അയൽവാസിയായ ചന്ദ്രിക പറയുന്നു. ചിരിച്ച മുഖത്തോടെയല്ലാതെ ഇവരെ കണ്ടിട്ടില്ല. അയൽക്കാരുമായൊക്കെ നല്ല ബന്ധമായിരുന്നു. ഇടക്കൊക്കെ ഹമീദുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു കൂട്ടക്കൊലയിലേക്ക് നയിക്കുന്ന രീതിയിലുള്ള വലിയ പക ഉണ്ടാകുമെന്നെന്നും ആരും പ്രതീക്ഷിച്ചില്ലെന്നും ഇവർ പറയുന്നു. ഹമീദ് നാട്ടുകാരുമായൊന്നും വലിയ ബന്ധം പുലർത്തിയിരുന്നില്ല. സംഭവം നടന്ന വീട്ടിൽ തന്നെയായിരുന്നു ഹമീദും താമസിച്ചിരുന്നെങ്കിലും പുറത്തേക്കൊന്നും അധികം കണ്ടിരുന്നില്ലെന്നും ഇവർ പറയുന്നു. മരണ വിവരം അറിഞ്ഞതോടെ ചീനിക്കുഴയിലെ കടകൾ പോലും പലരും തുറന്നില്ല. വീട്ടിലെക്കെത്തിയവർ പലരും കുട്ടികളുടെയടക്കം മൃതദേഹം പുറത്തിറങ്ങിയപ്പോൾ കണ്ട് നിൽക്കാൻ കഴിയാതെ മുഖം തിരിച്ചു. നെഞ്ചുലക്കുന്ന കാഴ്ചകളായി കുട്ടികളുടെ പുസ്തകങ്ങളും പാതി കരിഞ്ഞ വസ്ത്രങ്ങളും കണ്ട് നിന്നവരുടെ നെഞ്ചുലച്ചു. കുടുംബത്തിന്റെ മൃതദേഹം വീട്ടിൽ നിന്ന് നാല് ആംബുലൻസുകളിലായി കയറ്റുമ്പോൾ സ്ത്രീകളടക്കമുള്ളവരുടെ കരച്ചിൽ നിലവിളികളായി മാറിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ട് മരിച്ച ഷീബയുടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് വൈകിട്ടോടെ മൃതദേഹം ഉടുമ്പന്നൂർ മുഹയുദ്ധീൻ ജുമാമസ്ജിദിൽ ഖബറടക്കി.
മനസുരുകാതെ ഹമീദ്
നാല് പേരെ ക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയിട്ടും ലവലേശം പശ്ചാത്താപമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം. മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. കൊലപാതകത്തിനായി ഹമീദ് വ്യക്തമായ തയ്യാറെടുപ്പാണ് നടത്തിയത്. വീട്ടിൽ നിരന്തരമായുണ്ടാകുന്ന തർക്കങ്ങൾക്കും വഴക്കിനുമിടയിൽ എല്ലാവരെയും ഇല്ലാതാക്കുമെന്ന് ഹമീദ് ആർത്തിച്ച് പറയാറുണ്ടായിരുന്നു. ഫെബ്രുവരി 25ന് ഫൈസൽ കരിമണ്ണൂർ പൊലീസിൽ നൽകിയ പരാതിയിൽ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയ കാര്യം പറഞ്ഞിരുന്നു. ഇതിൽ നിന്ന്, നാളുകൾ നീണ്ട ആലോചന ഹമീദ് നടത്തിയിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ച രാവിലെ മുതൽ തന്നെ പ്രതി ഹമീദ് പെട്രോൾ കുപ്പികൾ തയ്യാറാക്കി തുടങ്ങിയിരുന്നു. രാവിലെ ഭക്ഷണ സമയത്തുണ്ടായ വഴക്കിന് ശേഷം ഫൈസലും കുടുംബവും വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. ഇതിന് ശേഷമാണ് കൊലപാതകത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾ നടത്തിയത്. ഫൈസൽ വിൽപ്പനയ്ക്കായി മുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ രാവിലെ മുതൽ ഹമീദ് ചെറിയ കുപ്പികളിലാക്കുന്നുണ്ടായിരുന്നു. കുപ്പികളുടെ മുക്കാൽ ഭാഗത്തോളം പെട്രോൾ ഒഴിച്ച ശേഷം അടയ്ക്കുന്ന ഭാഗത്ത് തുണി തിരിയായിട്ടാണ് ഇവ തയ്യാറാക്കിയത്. ഇത്തരത്തിൽ പത്തോളം കുപ്പികൾ തയ്യാറാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്. ഇത് മറ്റാരും കാണാതെ രഹസ്യമായി സൂക്ഷിച്ചു. രാത്രി 11 മണിക്ക് ശേഷം ഫൈസലും കുടുബവും മുറിയിൽ കയറി ഉറങ്ങാൻ കിടക്കും വരെ പ്രതി കാത്തിരുന്നു. 12.30ന് എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഈ മുറി ഹമീദ് പുറമെ നിന്ന് പൂട്ടി. തുടർന്ന് പ്രധാന വാതിലും അടച്ച ശേഷമാണ് മുറ്റത്തേക്കിറങ്ങിയത്. ആദ്യം തന്നെ പൈപ്പ് തുറന്ന് വിട്ട് ടാങ്കിലെ വെള്ളം വറ്റിച്ചു. പിന്നീട് കിണറിൽ നിന്ന് വെള്ളം അടിക്കാതിരിക്കാൻ മോട്ടോറിന്റെ വയറുകളും ഇവിടെ നിന്നുള്ള പൈപ്പും മുറിച്ച് കളഞ്ഞു. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചു. തുടർന്ന് ഫൈസലും കുടുംബാംഗങ്ങളും കിടന്ന മുറിയിലേക്ക് മുറ്റത്ത് നിന്ന് തുറന്ന് കിടന്ന ജനൽ വഴി രണ്ട് പെട്രോൾ കുപ്പികൾ എറിഞ്ഞ ശേഷം തീ കൊളുത്തുകയായിരുന്നു. അകത്ത് തീ ആളിക്കത്തുന്നത് കണ്ട് ഹമീദ് സമീപത്ത് തന്നെ മറഞ്ഞ് നിന്നു. തീപിടിച്ചത് മനസിലാക്കിയ ഫൈസലിന്റെ ഇളയ മകൾ അസ്‌ന പ്രാണ രക്ഷാർത്ഥം സമീപവാസി രാഹുലിനെ ഫോണിൽ വിളിച്ചു. രാഹുൽ ഓടിയെത്തി വീടിന്റെ മുൻവാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി. പിന്നീട് മുഹമ്മദ് ഫൈസലും ഭാര്യയും മക്കളും കിടന്ന മുറിയുടെ വാതിലും ചവിട്ടിത്തുറന്നു. മുറിക്കകത്ത് കനത്ത തീയും പുകയും നാല് പേരുടെ പ്രാണവേദനയോടെയുള്ള കരച്ചിലുമുണ്ടായിരുന്നു. ഈ സമയം വീടിന്റെ പിൻഭാഗത്ത് മറഞ്ഞ് നിന്നിരുന്ന ഹമീദ് ഓടിയെത്തി മുൻവാതിലിലൂടെ അകത്തുകയറി രാഹുലിനെ തള്ളിമാറ്റി ആളുന്ന തീയിലേക്ക് രണ്ടു കുപ്പി പെട്രോൾ കൂടി എറിഞ്ഞു. ഇതോടെ രാഹുൽ ഹമീദിനെ വീടിന് പുറമേക്ക് തള്ളിയിട്ടു. മുറ്റത്ത് നിന്നും എഴുന്നേറ്റ ഹമീദ് വീടിന്റെ പിൻഭാഗത്തേക്ക് ഓടിയെത്തി ജനലിലൂടെ വീണ്ടും രണ്ടു കുപ്പി പെട്രോൾ കൂടി അകത്തേക്ക് എറിയുകയായിരുന്നു. അപ്പോഴേക്കും കൂടുതൽ ആളുകൾ ഇവിടേക്കെത്തി തുടങ്ങി. ഇതോടെയാണ് ഹമീദ് സ്ഥലത്ത് നിന്ന് പോയത്. പിന്നീട് സ്റ്റേഷനിൽ വച്ച് ഇക്കാര്യങ്ങൾ പൊലീസിനോട് വിവരിക്കുമ്പോഴും യാതൊരു കൂസലുമില്ലാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. പിന്നീട് നാല് പേരും മരിച്ചെന്ന് അറിഞ്ഞപ്പോൾ മാത്രം വികാരധീനനായതായി പൊലീസ് പറയുന്നു.
വൻ പ്രതിഷേധം
ഇന്നലെ വൈകിട്ടോടെ പ്രതി ഹമീദിനെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചപ്പോൾ പ്രതിഷേധവുമായി വൻ ജനാവലി കാത്ത് നിൽപ്പുണ്ടായിരുന്നു. രണ്ട് പൊലീസ് വാനും പത്തോളം ജീപ്പും നിറയെ പൊലീസുമായി കനത്ത സുരക്ഷയിലാണ് പ്രതിയെ ചീനിക്കുഴിയിലെത്തിച്ചത്. സ്ത്രീളകടക്കമുള്ള നാട്ടുകാർ അസഭ്യവാക്കുകളും ശാപവാക്കുകളും ചൊരിഞ്ഞു. ചിലർ മർദ്ദിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് എത്രയും വേഗം തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് മടങ്ങി.