മുട്ടം: ജനകീയ സഹകരണത്തോടെ വള്ളിപ്പാറ- എള്ളുമ്പുറം റോഡ് സഞ്ചാര യോഗ്യമാക്കി. റോഡിന് വേണ്ടി പ്രദേശവാസികൾ വിട്ട് നൽകിയ സ്ഥലത്തുള്ള പാഴ്മരങ്ങളും വള്ളിപടർപ്പും കല്ലുംമണ്ണും ജനങ്ങൾ സംഘടിച്ച് നീക്കി. പ്രദേശവാസികളായ ജനങ്ങൾ മുട്ടം ടൗണിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിയിരുന്നത് അഞ്ച് കിലോ മീറ്ററുകൾ ചുറ്റി കോട്ടയം ജില്ലയിൽ ഉൾപ്പെടുന്ന എള്ളുമ്പുറം വഴിയായിരുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിൽ അധികവും പട്ടികവർഗ വിഭാഗക്കാരാണ്. റോഡിന്റെ ഏതാനും ഭാഗം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഭാഗമാണ് സഞ്ചാര യോഗ്യമാക്കിയത്. വാർഡ് മെമ്പർ ടെസി സതീഷ്, എള്ളുമ്പുറം സെന്റ് മർത്ത്യാസ് സി.എസ്.ഐ ചർച്ച് വികാരി പി.സി. മാത്തുക്കുട്ടി, ഗോപാലൻ മരുതുംകല്ലേൽ തുടങ്ങിയവർ നേതൃത്വം നൽകി.