കുമളി: ഹോട്ടൽ മേഖലക്ക് സർക്കാർ ആശ്വാസ പാക്കേജ് നടപ്പിലാക്കണമന്ന്‌ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ക്യാമ്പ് ആവശ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധി ഹോട്ടൽ ടൂറിസം മേഖലയിൽ ഇപ്പോഴും തുടരുകയാണ്. രണ്ടു പ്രളയങ്ങളും കൊവിഡ് വ്യാപനവും ഹോട്ടൽ മേഖലയ്ക്ക് കനത്ത ആഘതമാണ് വരുത്തിയത്. കൊവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് കടലാസിൽ ഒതുങ്ങി. ബാങ്കുകൾ വായ്പ തിരച്ചടയ്ക്കാത്തതിന് ജപ്തി നടപടികൾ സ്വീകരിക്കുന്നു. ഈ സാഹചര്യത്തിൽ ഹോട്ടൽ- റസ്റ്റോറന്റ്‌ മേഖലയെ സഹായിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അസോസിയേഷൻ ദക്ഷിണ മേഖലാ ക്യാമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. തേക്കടിയിൽ നടന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടന ചെയ്തു. വർക്കിങ് പ്രസിഡന്റ് എം.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജി. സുധീഷ് കുമാർ, കിൻഫ്രാ ചെയർമാൻ ജോർജ്കുട്ടി ആഗസ്തി, അബ്ദുൽ റസാക്ക് അസീസ് മൂസ, റീസോയി, മുസ്തഫ, മുഹമ്മദ് ഷാജി എന്നിവർ സംസാരിച്ചു.