olimpics
ജില്ലാ ഒളിമ്പിക് ഗെയിംസ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുന്നു

മുട്ടം: ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ജില്ലാ ഒളിമ്പിക് ഗെയിംസ് മത്സരങ്ങളുടെ സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. മുട്ടം റൈഫിൾ ക്ലബ്ബ് ഹാളിൽ നടന്ന സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് ഗെയിംസിൽ വിജയികളായ ഒന്നും, രണ്ടും സ്ഥാനക്കാർക്ക് ട്രോഫികൾ നൽകി അനുമോദിച്ചു. ദേശീയ വെറ്ററൻസ് അത്‌ലറ്റിക് മീറ്റിൽ മൂന്നു സ്വർണ്ണമെഡലുകളും ഒരു വെള്ളിയും നേടി ടൂർണ്ണമെന്റിലെ മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ട സൂസി മാത്യുവിനെ മൊമെന്റോ നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കായികമേഖലയ്ക്ക് നൽകി വരുന്ന സമഗ്ര സംഭാവന അനുസ്മരിച്ചു കൊണ്ട് ജില്ലാ ഒളിമ്പിക് അസോസിയേഷന് വേണ്ടി പ്രസിഡന്റ് സുനിൽ സെബാസ്റ്റ്യൻ ഉപഹാരം നൽകി. കേരള ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്,​ വൈസ് പ്രസിഡന്റ് ഡോ. പ്രിൻസ്‌ കെ. മറ്റം, ജോയിന്റ് സെക്രട്ടറി ശരത് യു. നായർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ റഫീക്ക് പള്ളത്തുപറമ്പിൽ, എൻ. രവീന്ദ്രൻ, ഡോ. വി.സി. ജെയിംസ്, ബേബി എബ്രഹാം എന്നിവരെയും കായിക രംഗത്തെ സമഗ്ര സംഭാവനയെ വിലയിരുത്തി ആദരിച്ചു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ സ്വാഗതമാശംസിച്ചു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ് ആമുഖപ്രസംഗം നടത്തി. പ്രശസ്ത മോട്ടിവേറ്റർ ജെയ്‌സൺ പി. ജോസഫ്, ഒളിമ്പിക് വേവ് ജനറൽ കൺവീനർ വിനോദ് വിൻസെന്റ്, ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സൈജൻ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. വി.സി. ജെയിംസ് നന്ദി പറഞ്ഞു.