 
ഇടുക്കി: ഹോർട്ടികോർപ്പ് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക 31നകം നൽകും. ഇതിന് മൂന്ന് കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. മാട്ടുപ്പെട്ടി കെ.എൽ.ഡി ബോർഡ് ഗസ്റ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ കുടിശ്ശിക തീർക്കുന്നതിന് ഘട്ടംഘട്ടമായി തുക അനുവദിക്കും. ജില്ലയിലെ വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങൾ ശീതകാല കൃഷിക്ക് അനുയോജ്യമാണ്. എന്നാൽ പണം വായ്പ എടുക്കുന്ന കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ കടം കൊടുത്തവർക്കു തന്നെ നൽകേണ്ട സ്ഥിതിയുണ്ട്. ഇതു മൂലം ന്യായമായ വില ലഭിക്കുന്നില്ല. ഈ പ്രശ്‌നവും ഉടൻ പരിഹരിക്കാൻ നടപടി സ്വീകരിക്കും. ഉത്പാദനം വർദ്ധിപ്പിച്ചു കർഷകന്റെ വരുമാനം കൂട്ടുന്നതിലൂടെ മാത്രമേ കർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് കഴിയൂ. മാന്യമായി ജീവിക്കാൻ കഴിയുന്ന വരുമാനം ഉണ്ടായാലേ കൂടുതൽ ജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ കഴിയൂ. കാർഷിക ഉത്പന്നങ്ങളുടെ വിപണനം വൈകുന്നതിലൂടെ കർഷകർക്കുണ്ടാകുന്ന വിള നഷ്ടം പരിഹരിക്കുന്നതിനു സംഭരണ സംസ്‌കരണ സംവിധാനം വിപുലമാക്കും. മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് ശ്രമിക്കും. അഗ്രോബിസിനസ് കമ്പനിക്ക് രൂപം നൽകും. കോൾഡ് സ്റ്റോറേജ് വാഹനങ്ങൾ കൂടുതലായി ലഭ്യമാക്കും. ഇതുവഴി കർഷകന്റെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള ബഹുമുഖ പരിപാടി ആവിഷ്‌കരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
'ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയ്ക്ക് തുടക്കം
സുഭിക്ഷ കേരളം, സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തിനായി 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ്. ഓരോ കുടുംബവും കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിന് മണ്ണുള്ള കർഷകർക്ക് വിത്തും തൈയും നൽകും. കൃഷിമന്ത്രി അദ്ധ്യക്ഷനും തദ്ദേശഭരണം, സഹകരണ വകുപ്പ് മന്ത്രിമാർ അംഗങ്ങളായും സന്നദ്ധസംഘടനകൾ, സർക്കാർ സംരംഭങ്ങൾ എന്നിവയുടെ സഹകരണത്തോടെ പദ്ധതി വലിയ ജനകീയ ക്യാമ്പയിനാക്കി മാറ്റും.
ഉത്പാദനം വർദ്ധിപ്പിക്കും
നമ്മുടെ കേരളത്തിൽ ഒരുവർഷം 70 ലക്ഷം ടൺ പച്ചക്കറിയാണ് ഉപയോഗിക്കുന്നത്. 2016ൽ ഏകദേശം 60 ലക്ഷം ടൺ പച്ചക്കറി ഉത്പാദിപ്പിച്ചു. കഴിഞ്ഞവർഷം 15.7 ലക്ഷം ടൺ പച്ചക്കറിയാണ് ഉത്പാദിപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയിലും ഇത് വലിയ മുന്നേറ്റമാണ്. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് 8,000 കർഷക സംഘങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിന് 2,000 കർഷക സംഘങ്ങളും രൂപീകരിക്കും.