ഇടുക്കി: ജില്ലയിൽ എല്ലാ വില്ലേജുകളിലും വില്ലേജ് തല ജനകീയ സമിതി രൂപീകരിച്ചു.
വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ സുതാര്യവും ജനാധിപത്യപരവുമാക്കുന്നതോടൊപ്പം റവന്യൂ വകുപ്പിന്റെ ആധുനികവത്കരണത്തിലും പ്രവർത്തന മികവിലും പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് വില്ലേജ് തല ജനകീയ സമിതികൾ രൂപീകരിക്കുന്നത്. വില്ലേജ്തല ജനകീയ സമിതികളുടെ കൺവീനർ വില്ലേജ് ഓഫീസർമാറാണ്. നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എം.എൽ.എയുടെ പ്രതിനിധി, വിവിധ അസോസിയേഷനുകളുടെ പ്രതിനിധി, പട്ടികജാതി പട്ടികവർഗ പ്രതിനിധി, വനിതപ്രതിനിധി തുടങ്ങിയ അംഗങ്ങൾ സമിതിയിലുണ്ട്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സമിതി ചേർന്ന് വില്ലേജ് ഓഫീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും. വില്ലേജ് തല ജനകീയ സമിതി രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുമളി വില്ലേജ് ഓഫീസിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവഹിച്ചു. എ.ഡി.എം ഷൈജു പി. ജേക്കബ്, കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, പീരുമേട് തഹസീൽദാർ, വില്ലേജ് ജനകീയ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വില്ലേജ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.