തൊടുപുഴ: ജപ്തി നടപടികൾ നിറുത്തിവയ്ക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. അടിയന്തരമായി ജപ്തി നടപടികൾ നിറുത്തി വച്ചില്ലെങ്കിൽ ഇടുക്കിയിൽ കൂട്ട ആത്മഹത്യ ഉണ്ടാകും. കേരളാ ബാങ്കുൾപ്പെടെ പതിനായിരത്തിലധികം നോട്ടീസ് അയച്ചാണ് ഇടുക്കിയിലെ കൃഷിക്കാരെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുന്നത്. മോറോട്ടോറിയം കാലാവധിയിലെ പലിശയും പിഴ പലിശയും പൂർണമായും ഒഴിവാക്കണം, ലോകമെമ്പാടും തൊഴിൽ നഷ്ടം വളരെയധികം സംഭവിക്കുകയും തൊഴിൽ ശാലകൾ പൂട്ടി പോകുകയും ചെയ്ത പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്ന സ്ഥിതിവിശേഷത്തിൽ വിദ്യാഭ്യാസ വായ്പക്ക് മോറോട്ടോറിയം ഏർപ്പെടുത്തുകയും പലിശ പൂർണമായും ഒഴിവാക്കി നൽകുകയും വേണം. എല്ലാ വായ്പകളും കാലാവധി നീട്ടി നൽകി റീഷെഡ്യൂൾ ചെയ്യണം എന്നീ മൂന്ന് നിർദ്ദേശങ്ങളാണ് അടിയന്തര ഇടപെടലിനായി ഗവർണർക്ക് മുമ്പിൽ സമർപ്പിച്ചത്.