നെടുങ്കണ്ടം: ആട്ടിൻകൂട് പൊളിച്ച് പക്ഷി വളർത്തൽ ആരംഭിച്ചതോടെ നെടുങ്കണ്ടത്തെ ഈ യുവാവിന്റെ ജീവിതവും പറന്നുയർന്നു. 25 പരം വിവിധ ഇനത്തിലുള്ള പക്ഷികളും ഗിനിപന്നികളുമാണ് നെടുങ്കണ്ടം മൈനർസിറ്റി സ്വദേശി പാലക്കോട്ടയിൽ രാജേഷ് വളർത്തുന്നത്. വിനോദോപാധിയെന്ന നിലയിൽ എട്ട് വർഷങ്ങൾക്ക് മുമ്പാണ് രണ്ട് ലൗ ബേർഡ്സുകളെ വാങ്ങിയത്. സൃഹൃത്ത് നൽകിയ രണ്ട് ആഫ്രിക്കൻ ലൗബേർഡ്‌സുകൾ കൂടിയായതോടെ പക്ഷി വളർത്തൽ വിപുലീകരിക്കുന്നതിന് തുടക്കമിട്ടു. ഇതോടെ അതുവരെ നടത്തി വന്നിരുന്ന ആടിനെ വളർത്തൽ നിറുത്തി അവിടെ പക്ഷി കൂടുകൾ നിർമ്മിക്കുകയായിരുന്നു. ഇതാണ് പിന്നീട് ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. കോക്‌ടെയിൽ, ആഫ്രിക്കൻ ലൗബേർഡ്‌സ്, ജാവ, ബംഗാളി ഫിഞ്ചേഴ്‌സ്, വൈറ്റ് ഫിഞ്ചേഴ്‌സ്, ഡൈമൺഡോവ്, കോനൂർ തുടങ്ങിയ നിരവധി ഇനങ്ങൾ രാജേഷിന്റെ പക്ഷി ശേഖരത്തിലുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളായി പക്ഷികളെ വിൽക്കുകയും ചെയ്യുന്നുണ്ട്. 450 മൂതൽ 16,000 രൂപ വിലമതിക്കുന്ന വിവിധഇനം പക്ഷികളെയും കുഞ്ഞുങ്ങളെയും രാജേഷ് വിൽക്കുന്നുണ്ട്. യൂട്യൂബിന്റെ സഹായവും സുഹൃത്തുകളുടെ ഉപദേശവുമാണ് പക്ഷി വളർത്തലിന്റെ ബാലപാഠങ്ങൾ. നെടുങ്കണ്ടത്തെ തുണിവ്യാപാരശാലയിൽ ജോലിയ്ക്ക് പോകുന്നതിന് മുമ്പ് രാജേഷ് പക്ഷികളുടെ കാര്യങ്ങൾ നോക്കും. പിന്നീട് പിതാവ് രാജൻ, ഭാര്യ ഷെറിൻ, മക്കൾ ആഷ്ബിൻ, അഡോണ, ആഷ്മിയ എന്നിവരാണ് ഇവയുടെ കാര്യങ്ങൾ ശ്രദ്ധിക്കുക. പക്ഷികളെ കൂടാതെ ഗിനിപന്നികൾ, പൂച്ച, പട്ടി, കോഴി തുടങ്ങിയവയുടെ വിൽപ്പനയും ഇതിനോടൊപ്പം രാജേഷ് നടത്തുന്നുണ്ട്. ഇവയുടെ വിൽപ്പനയിലൂടെ നല്ലരീതിയിലുള്ള വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് രാജേഷ്.