tza
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി അരങ്ങേറിയ ചിലമ്പാട്ടം നാടൻപാട്ട് ദൃശ്യാവിഷ്‌കാരം

ഇടുക്കി: ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇൻഫർമേഷൻ പബ്ലക് റിലേഷൻസ് വകുപ്പ്, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തനത് കലാസാംസ്‌കാരിക പ്രഭാഷണപരിപാടി നടത്തി. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യലബ്ധിയെക്കുറിച്ചും സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചും തൊടുപുഴ ന്യൂമാൻ കോളേജ് മുൻ അദ്ധ്യാപകൻ കൂടിയായ ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഭരണഘടന രൂപീകരണത്തെക്കുറിച്ചും അതിന്റെ സവിശേഷതയെക്കുറിച്ചും അഡ്വ. ജി. സുരേഷ്‌കുമാർ വിശദീകരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ് ആശംസ അർപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ സ്വാഗതവും നഗരസഭ ഉപാദ്ധ്യക്ഷ ജെസി ജോണി നന്ദിയും പറഞ്ഞു. തുർന്ന് തൊടുപുഴ പൊന്നന്താനം ഭദ്രജ്വാല നാടൻ കലാസംഘം, നാടൻപാട്ടിന്റെ ദൃശ്യാവിഷ്‌കാരം ചിലമ്പാട്ടം അരങ്ങേറി. ജില്ലയിലെ തനതുകലകളുടെ ദൃശ്യാവിഷ്‌കാരമായ ചിലമ്പാട്ടം ശ്രദ്ധേയമായി. ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ജില്ലയിലെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ രണ്ടാമത്തെ പരിപാടിയായിരുന്നു തൊടുപുഴയിൽ നടത്തിയത്. 11ന് അടിമാലിയിലും കലാസാംസ്‌കാരിക പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരുന്നു.