 
തൊടുപുഴ: 'ദാഹനീരിനായി വർങ്ങൾക്ക് മുമ്പ് സ്ഥാപിച്ച വാട്ടർ കിയോസ്കുകൾ എവിടെ" ജലക്ഷാമം രൂക്ഷമായി കുടിവെള്ളം കിട്ടാതായതോടെ ജനം ചോദിക്കുന്നു. ജില്ലയിലാകെ നാലു വർഷം മുമ്പ് വിവിധ പഞ്ചായത്തുകളിലായി 82 വാട്ടർ കിയോസ്‌കുകളാണ് സ്ഥാപിച്ചത്. 5000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ച് അതിൽ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ലക്ഷങ്ങൾ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാൽ ഇപ്പോൾ വാട്ടർ ടാങ്കുകൾ സ്ഥാപിക്കാനായി നിർമിച്ച തറയും മറ്റും തകർന്ന നിലയിലാണ്. വേനൽ ശക്തമായി ജലക്ഷാമം രൂക്ഷമാകുന്നതോടെ കരാർ നൽകി വാഹനങ്ങളിൽ വെള്ളമെത്തിച്ച് വിതരണം ചെയ്തു വരികയായിരുന്നു പതിവ്. ഇതിനായി ജില്ലാ ഭരണകൂടം പ്രത്യേക ഫണ്ട് പഞ്ചായത്തുകൾക്ക് അനുവദിക്കുകയും ചെയ്തിരുന്നു. എല്ലാ മേഖലകളിലും വാഹനത്തിൽ വെള്ളമെത്തിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മറ്റ് പല സംസ്ഥാനങ്ങളിലും നടപ്പാക്കിയിരിക്കുന്നതു പോലെ ജലക്ഷാമം രൂക്ഷമായ മേഖലകളിൽ വാട്ടർ കിയോസ്‌കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായി 5000 ലിറ്റർ സിൻടെക്‌സ് ടാങ്ക് കളക്ടറേറ്റിൽ നിന്നും നൽകി. ഇതു സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം അതത് പഞ്ചായത്തുകൾക്കായിരുന്നു. ഇതിനുള്ള ഫണ്ടും കളക്ടറേറ്റിൽ നിന്നും നൽകും. കിയോസ്‌കുകളിൽ വെള്ളം നിറക്കുന്ന ജോലി ടാങ്കർ ലോറിയുടമകൾക്ക് ക്വട്ടേഷൻ വിളിച്ച് നൽകാനായിരുന്നു പദ്ധതി. എന്നാൽ കൂടുതൽ പഞ്ചായത്തുകളിലും വെള്ളം നിറയ്ക്കൽ നടന്നില്ല. തൊടുപുഴ താലൂക്കിൽ മാത്രം അഞ്ചു പഞ്ചായത്തുകളിൽ വാട്ടർ കിയോസ്‌കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ കുടിവെള്ളമെത്തിച്ച് ടാങ്കുകൾ നിറക്കാത്തതിനാൽ ഇതിന്റെ പ്രയോജനം ഗുണഭോക്താക്കൾക്ക് കാര്യമായ തോതിൽ ലഭിച്ചില്ല. ഫണ്ട് ലഭിക്കാത്തതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടർ നടപടികളിൽ നിന്നും പിന്നാക്കം പോയി. എന്നാൽ ചില പഞ്ചായത്തുകളിൽ കിയോസ്‌കുകൾ പ്രയോജനപ്പെടുത്താനുള്ള പദ്ധതിയും പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്.
ജലദൗർലഭ്യം നേരിടാൻ നടപടിയില്ല
വേനൽ കടുത്തതോടെ പലയിടത്തും ജലം ദൗർലഭ്യമായി തുടങ്ങിയെങ്കിലും വേനലിനെ പ്രതിരോധിക്കാൻ കാര്യമായ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. വേനൽ മഴ കാര്യമായ തോതിൽ ലഭിക്കാത്തതിനാൽ പല സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ചിലയിടങ്ങളിൽ വാഹനങ്ങളിൽ വീടുകളിലേക്ക് വിലയ്ക്ക് വെള്ളമെത്തിച്ചു കൊടുക്കുന്നവരും സജീവമായി. ഇതിന് സാമ്പത്തിക ചിലവേറുമെന്നതും സാധാരണ ജനങ്ങളെ സംബന്ധിച്ച് പ്രതിസന്ധിയാണ്.