 
നെടുങ്കണ്ടം : ഒരുപിടി വിറകുണ്ടെങ്കിൽ ഒരു ദിവസത്തെ ആഹാരം പാകം ചെയ്യാൻ കഴിയുന്ന പുതിയ അടുപ്പ് നിർമ്മിച്ച് നെടുങ്കണ്ടം സ്വദേശി ചാൾസ് ശ്രദ്ധേയനാകുന്നു. നെടുങ്കണ്ടം മൈനർസിറ്റി സ്വദേശി വെട്ടിക്കുഴിചാലിൽ വീട്ടിൽ സി.എ ചാൾസാണ് കുറഞ്ഞ അളവിൽ വിറക്, കൊതുമ്പ് അടക്കമുള്ള സാധനങ്ങൾ പാചകത്തിനായി ഉപയോഗിക്കാവുന്ന അടുപ്പ് നിർമ്മിച്ചത്. പാചകവാതകത്തിന്റെ നിരക്ക് ക്രാമാതീതമായി വർദ്ധിച്ചതോടെ സാധാരണക്കാർ ഗ്യാസ് സ്റ്റൗ ഉപേക്ഷിച്ച് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിയതോടെയാണ് കുറഞ്ഞ അളവിൽ വിറക് ഉപയോഗിച്ച് പാചകം ചെയ്യാൻ കഴിയുന്ന അടുപ്പ് നിർമ്മിക്കുകയെന്ന ആശയം ഉടലെടുത്തത്. ഇരുമ്പ് പെപ്പുകളും ജിഐ പൈപ്പുകളുമാണ് ഇതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരുമ്പ് പൈപ്പുകൾ വേഗത്തിൽ ചൂടുപിടുക്കുമ്പോൾ ഇവയുടെ സ്റ്റാൻഡുകൾ തുരുമ്പു പിടിക്കാതിരിക്കുവാൻ ജിഐ പൈപ്പുകളാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്. വിറകിന്റെ ചൂട് പുത്തേയ്ക്ക് പോകാതെ പാത്രത്തിന്റെ ചുവട്ടിൽ കിട്ടത്തക്കവിധമാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്ന് ചാൾസ് പറയുന്നു. വായു സഞ്ചാരം ക്രമീകരിച്ച് വിറകിന്റെ കത്തലിന് ഏറ്റകുറച്ചുലുകൾ ഉണ്ടാക്കുവാനുള്ള സംവിധാനവും അടുപ്പിൽ ഒരുക്കിയിട്ടുണ്ട്. കത്തിത്തീർന്ന വിറകിന്റെ ചാരം വീഴാനും അത് എടുത്ത് മാറ്റാനുമുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അധികം ഭാരമില്ലാത്തതും രണ്ടടി മാത്രം ഉയരമുള്ളതിനാൽഏറെ ബുദ്ധിമുട്ടുകൾ ഇല്ലാതെ എടുത്ത് ഉപയോഗിക്കുവാൻ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. വിറക് ഉണങ്ങിയതോ പച്ചയോ, ഏതുമാകട്ടെ ഈ അടുപ്പിൽ വേഗത്തിൽ കത്തിപിടിപ്പിക്കാൻ കഴിയും വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നതിനോടൊപ്പം വിനോദയാത്രകൾ, മറ്റ് വീട്ട് പരിപാടികൾ തുടങ്ങിയവയ്ക്കും അടുപ്പ് വളരെയേറെ പ്രയോജപ്പെടുത്തുവാൻ കഴിയുമെന്ന് ചാൾസ് പറയുന്നു. 6000 രൂപ മുതൽമുടക്ക് മാത്രമേ ഉള്ളൂ എന്നതും ഇതിന്റെ സവിശേഷതയാണ്.
പോണ്ടിച്ചേരി സ്വദേശിയായ ചാൾസ് മെക്കാനിക്കൽ എൻജിനീയറാണ്. മലയാളി യുവതിയെ വിവാഹം കഴിച്ചതോടെയാണ് ചാൾസ് കേരളത്തിലേയ്ക്ക് താമസം മാറ്റിയത്. കുഴൽകിണറ്റിൽ വീണു കിടക്കുന്ന കുട്ടിയുടെ പൊസിഷൻ അനുസരിച്ച് പൊക്കിയെടുക്കാനുള്ള നാല് തരത്തിലുള്ള രൂപരേഖകൾ തമിഴ്‌നാട് സർക്കാരിന് സമർപ്പിച്ചതോടെ ചാൾസ് ഇതിന് മുമ്പ് ശ്രദ്ധേയനായിരുന്നു. ഭാര്യ ഷീന ചാൾസ്, മക്കൾ എയ്ഞ്ചിലിൻ, അനുജ് എന്നിവരാണ് ചാൾസിന്റെ പ്രവർത്തനങ്ങളിൽ സഹായികൾ.