ഇടുക്കി: കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് തൊഴിൽ വകുപ്പ് മുഖേന അടയ്‌ക്കേണ്ട ബിൽഡിംഗ് സെസ്സിന്റെ കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനുള്ള സെസ് അദാലത്ത് മാർച്ച് 31ന് അവസാനിക്കും. 1996 മുതൽ നിർമാണം പൂർത്തിയാക്കിയ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമാണചെലവുള്ള എല്ലാ വീടുകൾക്കും എല്ലാ വാണിജ്യ കെട്ടിടങ്ങൾക്കും നിർമാണ ചെലവിന്റെ ഒരു ശതമാനം സെസ്സ് അടയ്ക്കണം. അസസ്സിംഗ് ഓഫീസർമാർ പ്രാഥമിക നോട്ടീസ്, അസസ്സ്‌മെന്റ് നോട്ടീസ്, അന്തിമ ഉത്തരവ്, കാരണം കാണിക്കൽ നോട്ടിസ്, റവന്യൂ റിക്കവറി എന്നീ ഘട്ടങ്ങളിൽ കുടിശ്ശികയുള്ള എല്ലാ ഫയലുകളും അദാലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെട്ടിട ഉടമകൾ ഫോറം ഒന്ന് പ്രകാരമുള്ള അഫിഡവിറ്റ്, റവന്യൂ വകുപ്പിൽ നിന്നുള്ള ഒറ്റ തവണ നികുതി നോട്ടീസ്, ഒക്കുപൻസി സർട്ടിഫിക്കറ്റ്, ആദ്യമായി കെട്ടിട നികുതി അടച്ച രസീത്, കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഗാർഹിക കെട്ടിടങ്ങൾക്ക് പലിശ പൂർണ്ണമായി ഒഴിവാക്കും. വാണിജ്യ കെട്ടിടങ്ങൾക്ക് പലിശയിൽ 50 ശതമാനം ഇളവ് ലഭിക്കും. അദാലത്ത് കാലയളവിൽ സെസ് തുക പൂർണ്ണമായും അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പ്രളയബാധിത പ്രദേശങ്ങളിൽ പ്രളയം മൂലം കെട്ടിടം പൂർണ്ണമായും നശിച്ചതായി റവന്യൂ അധികാരികളിൽ നിന്നും ലഭ്യമാകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലും അസസ്സിംഗ് ഓഫീസറുടെ പൂർണ്ണമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലും ഇളവ് അനുവദിക്കും. ഭാഗികമായി നഷ്ടം സംഭവിച്ച കെട്ടിടങ്ങൾക്ക് മേൽ പറയുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ സെസ്സ് തുക പലിശ ഒഴിവാക്കി തവണകളായി അടയ്ക്കുന്നതിനും അവസരം നൽകും. റവന്യൂ റിക്കവറി ആരംഭിച്ച ഫയലുകളിൽ ബന്ധപ്പെട്ടവർ ഹാജരാകുന്ന പക്ഷം ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള അവസരം സർക്കാർ ഒരുക്കിയിട്ടുണ്ട്. കെട്ടിട ഉടമകൾ നേരിട്ട് ഹാജരായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.