 
കട്ടപ്പന : പാർശ്വവത്കൃത സമൂഹത്തിനും തുല്യപരിഗണന നൽകുന്ന കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ 'ജെൻഡർ ' ബഡ്ജറ്റ് അവതരിപ്പിച്ചു.. 48,16,21,250 രൂപ വരവും 47, 86,08,750 രൂപ ചിലവും 30,12,500 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ അവതരിപ്പിച്ചു.പതിനാലാം പഞ്ചവത്സര പദ്ധതി കാലത്തെ കട്ടപ്പന ബ്ലോക്കിന്റെ ആദ്യത്തെ ബഡ്ജറ്റാണിത്.25 ന് ബജറ്റിൽമേലുള്ള ചർച്ച നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ പറഞ്ഞു.ഇത്തവണത്തെ പദ്ധതി വിഹിതത്തിന്റെ 30 ശതമാനം ആവാസ് സോഫ്റ്റ് മുഖാന്തിരം കണ്ടെത്തിയ 1950 ഗുണഭോക്താക്കൾക്ക് പി എം എ വൈ പദ്ധതിയിൽ വീട് നിർമിക്കാൻ നീക്കിവച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിൽ വരുന്ന 2 സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിനും കാഷ്വാലിറ്റി ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പദ്ധതിയ്ക്കും വകയിരുത്തിയിട്ടുണ്ട്. രണ്ട് സി എച്ച് സികളിലും സായാഹ്നഒ പി സൗകര്യം തയ്യാറാക്കുന്നതിനായി 30 ലക്ഷം, സി എച്ച് സി വികസനത്തിന് ഹെൽത്ത് ഗ്രാന്റായി ലഭിക്കുന്ന ഒരു കോടി രൂപയും പുതിയ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017-18 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ക്ഷീര സമൃദ്ധി പദ്ധതി തുടരും.പദ്ധതി വിഹിതത്തിന് ആനുപാതികമായി ക്ഷീരകർഷകർക്ക് പാൽ സബ്‌സിഡിയായി ഈ വർഷവും തുക വകയിരുത്തിയിട്ടുണ്ട്. സമ്പൂർണ്ണ നിർത്തടാധിഷ്ഠിത വികസനം, ജൈവ കൃഷി പ്രോത്സാഹനം, രാസ പദാർത്ഥങ്ങളുടെ ശാസ്ത്രീയമായ ഉപയോഗം തുടങ്ങിയവ മണ്ണ് സംരക്ഷണ വകുപ്പ് , കൃഷി വകുപ്പ് എന്നിവരുമായി ചേർന്ന് നടപ്പാക്കും. പട്ടികജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്ക് ചലന ശ്രവണ ഉപകരണങ്ങൾ നൽകുന്ന കരുതൽ പദ്ധതിയ്ക്ക് 50 ലക്ഷം രൂപയും ശാരീരിക മാനസ്സിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്‌കോളർഷിപ്പിനായി 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടിവെള്ള പദ്ധതിയ്ക്ക് ഒന്നര കോടി, ജലസേചന പദ്ധതി 50 ലക്ഷം, ജെൻഡർ റിസോഴ്‌സ് സെന്റർ, വനിതകൾക്ക് സ്ഥിരം പരിശീലന കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തും എല്ലാ ഘടക സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാക്കുന്ന പദ്ധതികളും , സ്മാർട്ട് അംഗനവാടി പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.