മൂലമറ്റം: അന്ധവിദ്യാലയത്തിൽപഠിച്ചിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്കൂൾ ജീവനക്കാരന്റെ അറസ്റ്റിന് പിന്നാലെ സംഭവം മറച്ച് വെച്ചതിന് സ്കൂൾ പ്രിൻസിപ്പാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു.കുടയത്തൂർ അന്ധവിദ്യാലയം പ്രിൻസിപ്പാൾ പാലക്കാട് വഴിനടപുത്തൻ വീട്ടിൽ ശശികുമാറിനെ (42) യാണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ സ്കൂൾ ജീവനക്കാരൻ പോത്താനിക്കാട് ചേന്നാട്ട് രാജേഷിനെ (36) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. . കേസിന് ആസ്പദമായ സംഭവം നടന്നത് 2016 - 20 കാലഘട്ടത്തിലാണ് എന്നാണ് പരാതിയിൽ പറയുന്നത്. ഇപ്പോൾ പ്രായപൂർത്തിയായ പെൺകുട്ടി മറ്റൊരു സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുകയാണ്. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് എന്ന സംഘടനയിലെ ഭാരവാഹികൾ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ സംഭവത്തെ ക്കുറിച്ച് സ്കൂൾ അധികൃതർക്ക് യാതൊരു പരാതിയും ലഭിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞിരുന്നു. പെൺകുട്ടിയുടെ സുഹൃത്താണ് കഴിഞ്ഞ ജനുവരിയിൽ ഇത് സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് സൂചന നൽകിയത്. ഇതേ തുടർന്ന് ആരോപണത്തിൻ്റെ നിജസ്ഥിതി അറിയാൻ പെൺകുട്ടിയേയും മാതാപിതാക്കളേയും കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ സ്കൂളിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ സ്കൂളിൽ എത്തിയ വിദ്യാർത്ഥിനിയും മാതാപിതാക്കളും ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. ഇങ്ങനെ ഒരു പരാതി തങ്ങൾക്ക് ഇല്ലെന്ന് ഇവർ രേഖാമൂലം സ്കൂൾ അധികൃതർക്ക് എഴുതി നൽകിയിരുന്നു എന്നാണ് പ്രിൻസിപ്പൽ പറഞ്ഞിരുന്നത്. പെൺകുട്ടിക്ക് പരാതിയില്ലാത്തതിനാലാണ്പൊലീസിനെ അറിയിക്കാതിരുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞത്. പാലക്കാട് സ്വദേശിയായ പ്രിൻസിപ്പൽ 2004 മുതൽ കുടയത്തൂരിൽ താമസിച്ച് വരികയാണ്. പ്രിൻസിപ്പാളിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.