തൊടുപുഴ: ആദിവാസി ഗോത്ര സമൂഹം അവരുടേതായ തനിമയും പാരമ്പര്യവും നിലനിർത്തുന്നത് ഉദാത്തമായ മാതൃകയാണെന്നും ഇത് പൊതു സമൂഹത്തിന് നൽകുന്ന പ്രചോദനം വളരെ വലുതാണെന്നും സംസ്ഥാന മന്ത്രി റോഷി അറസ്റ്റിൻ പറഞ്ഞു. പട്ടിക വർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിൽ സംഘടിപ്പിച്ച ഗോത്ര കലാ പ്രദർശന വിപണന മേള 'ഉണർവ് 2022' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊടുപുഴ മുനിസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിൽ നടത്തിയ ചടങ്ങിൽ
പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസർ കെ.എസ്. ശ്രീരേഖ റിപ്പോർട്ട് അവതരിപ്പിച്ചു. കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ, സംസ്ഥാന പട്ടിക വർഗ ഉപദേശക സമിതി അംഗം കെ.എസ്. രാജൻ, റ്റി.ജെ. പീറ്റർ, ജിമ്മി മറ്റത്തിപ്പാറ, പി.പി. ജോയി, കെ.എം. പുഷ്പ രാജൻ, വി.എസ്. മാത്യു തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി സ്വാഗതവും അടിമാലി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എസ്.എ. നജിം നന്ദിയും പറഞ്ഞു. ഗോത്ര കലാകാരൻമാർക്കും പാരമ്പര്യ ഉൽപാദകർക്കും കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് ഒരു കൈത്താങ്ങാകുന്നതിനും ഗോത്ര സംസ്‌കാരവും കലാരൂപങ്ങളും മുഖ്യധാരയ്ക്ക് പരിചയപ്പെടുത്തലുമാണ് രണ്ട് ദിവസമായി നടത്തുന്ന മേളയുടെ ലക്ഷ്യം. മേളയിൽ സജ്ജമാക്കിയിരിക്കുന്ന സ്റ്റാളുകളിലൂടെ ഗോത്ര മേഖലകളിൽ ഉൽപ്പാദിപ്പിക്കുന്ന തനത് നാടൻ ഉൾപ്പന്നങ്ങളും വന വിഭവങ്ങളും ലഭ്യമാണ്. കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായുണ്ട്. ഊരാളിക്കൂത്ത്, മലപ്പുലയ ആട്ടം, പളിയ നൃത്തൃം എന്നിവ ആദ്യ ദിവസവും കൊലവയാട്ടം, പരിചമുട്ടുകളി, മന്നാക്കൂത്ത് എന്നിവ രണ്ടാം ദിവസവും ഉണ്ടാകും. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആദിവാസി മേഖലകളിൽ നിന്നെത്തിയവരും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിനെത്തിയിരുന്നു.