തൊടുപുഴ: ഇളംദേശം ബ്ലോക്ക് ക്ഷീര കർഷക സംഗമം നാളെ രാവിലെ 9.30ന് കുട്ടപ്പൻ കവലയിലെ അഞ്ചിരി ക്ഷീരസംഘത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ അദ്ധ്യക്ഷനാകും. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ഷീര മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിക്കും. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് മികച്ച കർഷകരെ ആദരിക്കും. ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് മിനി ജെറി മുഖ്യപ്രഭാഷണം നടത്തും. കൂടാതെ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, സഹകാരികൾ, ക്ഷീരസംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ക്ഷീര സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദർശനം, ഡയറി ക്വിസ്, ക്ഷീര വികസന സെമിനാർ, ഡയറി എക്‌സിബിഷൻ, ബ്ലോക്കിലെ മികച്ച കർഷകരെ ആദരിക്കൽ എന്നിവയും നടത്തും. ക്ഷീര കർഷകർക്കായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 60 ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികൾക്കും ചടങ്ങിൽ തുടക്കം കുറിക്കും. പത്ര സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോൺ, ആലക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ഡയറി ഓഫീസർ സുധീഷ് എം.പി., ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടോമി കാവാലം, സ്വാഗത സംഘം ചെയർമാൻ വിജയൻ പി.ജി. എന്നിവർ പങ്കെടുത്തു.