തൊടുപുഴ: ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ തിങ്കളാഴ്ച നടത്തിയ ചോതിയൂട്ടിൽ പങ്കെടുക്കാനെത്തിയത് നിരവധി ഭക്തർ. ഉച്ചപൂജയ്ക്ക് ശേഷം പതിനൊന്നേമുക്കാലോടെയാണ് ചോതിയൂട്ട് ആരംഭിച്ചത്. കൃഷ്ണ തീർത്ഥം ഓഡിറ്റോറിയത്തിലെ കൊളുത്തിയ നിലവിളക്കിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ ഭഗവാന്റെ മുന്നിലാണ് ആദ്യം സദ്യ വിളമ്പിയത്. ക്ഷേത്രം മേൽശാന്തി രാജേഷ് തിരുമേനി ചടങ്ങുകൾക്ക് നേതൃത്വം നൽകി. മൂന്ന് മണിയോടെയാണ് ചോതിയൂട്ട് സമാപിച്ചത്. യതീശ്വരനായ ബ്രാഹ്മണഭക്തന് ഭഗവാൻ ദിവ്യദർശനം കൊടുത്ത ദിവസമാണ് മീനമാസത്തിലെ ചോതി നക്ഷത്രം. ഈ ദിവസം ദേവന്റെ പിറന്നാളായി ആഘോഷിക്കുന്നു.നിവേദ്യാദികൾക്കും ഊട്ടിനും മറ്റും ഉണക്കലരി മാത്രമേ ഉപയോഗിക്കാവൂ എന്ന് നിർബന്ധമുള്ള ഇവിടെ ആണ്ടിൽ ഈ ദിവസം മാത്രമാണ് പുഴക്കലരി വെച്ച് ചതുർവിധവും വിഭവസൃദ്ധവുമായ സദ്യ നടത്തുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് ഈ മാസം 28ന് കൊടിയേറും.