പീരുമേട്: ചിതംബരം മരക്കാർ എസ്റ്റേറ്റിൽ നിന്നും വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റിയും മറ്റ് ആനുകൂല്യങ്ങളും ഇനിയും ലഭ്യമായില്ല. പകലന്തിയോളം തേയില പതിറ്റാണ്ടുകളായി തേയില തോട്ടങ്ങളിൽ പണി ചെയ്ത അവർ ജീവിതത്തിന്റെ അവസാന നാളിലും കടം തീർക്കാനാകാതെ മുതലാളിയുടെ ദയാ ദാക്ഷിണ്യം കാത്തിരിക്കുകയാണ്. അവകാശങ്ങൾ വാങ്ങിച്ചെടുക്കാനായിട്ടുള്ള പോരാട്ടത്തിലാണ് ചിതംബരം മരിക്കാർ എസ്റ്റേറ്റിലെ തൊഴിലാളികൾ. . നാല്പ്പത് വർഷത്തിലേറെ ജോലി എടുത്ത വരാണ് തൊഴിലാളികളിൽ ഭൂരിഭാഗവും. തൊഴിലാളികൾ വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ ഒന്നും കിട്ടുന്നില്ല. പല തൊഴിലാളികളും മക്കളെ വിവാഹം ചെയ്ത് അയച്ചതിന്റെയും പഠിപ്പിച്ചതിന്റെയും ബാദ്ധ്യത തീർക്കാനാണ് ലഭിക്കാനുള്ള ആനുകൂല്യവും കാത്തിരിക്കുന്നത്. അടുത്ത കാലത്ത് വാഹന അപകത്തിൽ മരണമടഞ്ഞ ചിന്നസ്വാമി ഫീൽഡ് ആഫിസർ ആയി വിരമിച്ചിട്ട് പത്തു വർഷം കഴിഞ്ഞു. കിട്ടാനുള്ള ഒരു ആനുകൂല്യവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എസ്റ്റേറ്റ് വാച്ചർ ആയി ജോലി ചെയ്ത രാജേന്ദ്രൻ അർബുദം ബാധിച്ചു മരണമടഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു. കടം വാങ്ങിച്ചും വട്ടിക്കു വായ്പ്പ എടുത്തുമാണ് രാജേന്ദ്രനെ ചികിത്സിച്ചതെന്ന് രാജേന്ദ്രന്റെ ഭാര്യ പാപ്പാത്തി പറഞ്ഞു. മുതലാളിയെ അറിയിച്ചെങ്കിലും പ്രോവിഡന്റ് ഫണ്ടും ഗ്രാറ്റ് വിറ്റിയും കിട്ടിയില്ല. നാല്പതുവർഷം ജോലി ചെയ്ത വിരമിച്ച് വീണ്ടും ദിവസ കൂലിക്ക് പണി ചെയ്യുന്ന മാരിയപ്പന് സ്വന്തമായി വീടും സ്ഥലവുമില്ല. ഭാര്യ പണിയെടുക്കുന്നത് കൊണ്ട് ഇറങ്ങി പോകാതെ എസ്റ്റേറ്റിന്റെ ലയത്തിൽ താമസിക്കുന്നു. വിരമിച്ച സാവിത്രി, നിർമ്മല, അല്ലി, രാജ ലിങ്കം, പളനി, വള്ളിയമ്മ, സരോജ, മൈനാവതി, ഇവരെല്ലാം വിരമിച്ചി ട്ടും ദിവസ വേതനത്തിന് പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികൾ.ഇവർ കെല്ലാം ആനുകൂല്യങ്ങൾ ലഭിച്ചിട്ടു വേണം കടം തീർക്കാൻ. നിലവിലെ സ്ഥിരം തൊഴിലാളികളുടെ ജീവിതവും ദുരിതം പേറിയതാണ്. ലയങ്ങളിൽ മഴ പെയ്താൽ ചോർന്ന് ഒലിക്കുന്നതിനാൽ വെള്ളം മുറിക്കുളളിൽ വീഴാതിരിക്കാൻ പടുത വലിച്ചു കെട്ടിയിരിക്കുകയാണ് കാലിത്തൊഴുത്തിനു സമാനമാണ് മിക്ക ലയങ്ങളും.

സമരം ചെയ്യാതെ മാർഗമില്ല

തോട്ടത്തിലെ വലിയ മരങ്ങൾ അരക്കോടിയിലധികം രൂപ വിലപിടിപ്പുള്ള മരങ്ങൾ ഏതാനും വർഷം മുമ്പ് മുറിച് വിറ്റപ്പോഴും തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് കുടിശിക തീർക്കാൻ ഉടമ തയ്യാറായില്ല. രാഷ്ട്രീയം മറന്ന് വിരമിച്ച തൊഴിലാളികൾ ഒന്നടങ്കം സമരത്തിന് തയ്യാറെടുക്കുകയാണ് . ഒപ്പം മനുഷ്യവകാശ കമ്മീഷനു പരാതി നൽകാനും ഇവർ ഒരുങ്ങുകയാണ്.

മരിക്കുവോളം

കാത്തിരുന്നു

മുൻപ് ഈ തോട്ടത്തിൽ 250 തൊഴിലാളികൾ പണി ചെയ്തിരുന്നു . ഇപ്പോൾ സ്ഥിരം തൊഴിലാളികൾ 65 പേർ ജോലി ചെയ്യുന്നു. വിരമിച്ചവരിൽ പലരും ആനുകൂല്യങ്ങൾ കിട്ടാതെ മരണമടഞ്ഞു.