മുട്ടം: പഞ്ചായത്ത്‌ പ്രദേശത്തേക്ക് കുടി വെള്ളം എത്തിക്കുന്ന മാത്തപ്പാറ പമ്പ് ഹൗസിൽ പുതിയ മോട്ടോർ അടുത്ത ആഴ്ച്ചയോടെ എത്തും. പി ജെ ജോസഫ് എം എൽ എ യുടെ ഇടപെടലിനെ തുടർന്ന് പുതിയ മോട്ടോർ വാങ്ങാൻ 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രത്യേകം ഡിസൈൻ ചെയ്ത പുതിയ മോട്ടോർ സജ്ജമാക്കുന്നത്. എം എൽ എ അനുവദിച്ച തുക കുറവായതിനെ തുടർന്ന് പുതിയ മോട്ടോർ വാങ്ങാനുള്ള ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ ആരും മുന്നോട്ട് വന്നിരുന്നില്ല. എന്നാൽ പിന്നീടുള്ള ചില ഇടപെടലിനെ തുടർന്നാണ് കരാരുകാരൻ ടെൻഡർ ഏറ്റെടുത്തത്. മുട്ടം പ്രദേശത്തെ കുടി വെള്ള ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത്‌ അധികൃതർ, വിവിധ സംഘടനകൾ എന്നിവർ ശക്തമായ സമര പരിപാടികൾ നടത്തിയിരുന്നു. ഇതേ തുടർന്നാണ് പുതിയ മോട്ടോർ വാങ്ങാൻ എം എൽ എയുടെ ഇടപെടലുണ്ടായത്. കുടി വെള്ള വിതരണം ഇന്ന് പുനസ്ഥാപിക്കും മാത്തപ്പാറ പമ്പ് ഹൗസിൽ കഴിഞ്ഞ ദിവസമുണ്ടായ ലീക്ക് ഇന്ന് ഉച്ചയോടെ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ഞായർ മുതൽ ആരംഭിച്ച പണികൾ ഇന്നലെ രാത്രിയോടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരുതിയത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഇന്നാണ് പൂർത്തീകരിക്കാൻ കഴിയുകയുള്ളു. ഇതേ തുടർന്ന് ഇന്ന് ഉച്ചയോടെ പമ്പ് ഹൗസ് പൂർണ്ണമായും പ്രവർത്തിപ്പിച്ച് കുടി വെള്ളം വിതരണം ചെയ്യുമെന്നും വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.