തൊടുപുഴ- ലോക്ക് ഡോൺ കഴിഞ്ഞിട്ടും അവധി ദിവസങ്ങളിൽ പല ആനവണ്ടികളും ലോക്ക് ഡോണിലാണ്. കെ.എസ്.ആർ.ടി.സി മൂന്നാർ ഓപ്പറേറ്റിംഗ് സെൻ്റിൽ നിന്നും സർവ്വീസ് നടത്തുന്ന മൂന്ന് ബസുകളാണ് രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലും ലോക്കാവുന്നത്. മൂന്നാർ- കോട്ടയം ഫെയർസ്റ്റജ് ലിമിറ്റഡ് സ്റ്റാേപ്പ് ബസ് സർവ്വീസ് നടത്താറില്ല. . ശരാശരി 13,000 രൂപ കളക്ഷനുള്ള സർവ്വീസാണ്.അവധി ദിവസം കളക്ഷൻ കുറവാണെന്ന് പറഞ്ഞ് സർവ്വീസ് ഒഴിവാക്കുന്നത്. ബസ് സർവ്വീസ് നടത്താതെ ഏങ്ങനെ കളക്ഷൻ അറിയാൻ കഴിയുമെന്നാണ് ജീവനക്കാരുടെ ചോദ്യം. ഡ്യുട്ടിക്ക് വരുന്ന ജീവനക്കാർ സർവ്വീസ് നടത്താതെ വരുമ്പോൾ മറ്റു റൂട്ടുകളിൽ പോകുകയോ അവധിയെടുക്കുകയോചെയ്യും.. ലോക്ക് ഡോൺ കാലത്ത് മൂന്നാറിൽ നിന്നും തൊടുപുഴ വരെ ഓർഡിനറി സർവ്വീസ് നടത്തിയ ബസ് പീന്നിട് ഫെയർ സ്റ്റേജ് ലിമി റ്റഡ് സ്റ്റോപ്പായി കോട്ടയത്തേക്ക് നീട്ടുകയായിരുന്നു. രാവിലെ 6.40 ന് മൂന്നാറിൽ നിന്നും പുറപ്പെടുന്ന ബസ് കോട്ടയത്തു നിന്നും 2.50ന് തിരികെ പോരും. തൊടുപുഴയിൽ നിന്നും വൈകിട്ട് 5ന് പുറപ്പെട്ട് രാത്രി 8ന് മുന്നാറിൽ ട്രിപ്പ് അവസാനിപ്പിക്കും മൂന്നാർ, അടിമാലി മേഖലകളിൽ നിന്നും തൊടുപുഴക്കും കോട്ടയം മെഡിക്കൽ കോളേജിലും പോകുന്നവർക്ക് സഹയകരമായ സർവ്വീസാണ് ഈ ദിവസങ്ങളിൽ മുടങ്ങുന്നത്. സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ ഗുണകരമായ സർവ്വീസ് അവധി ദിവസം കളക്ഷന്റെ പേരിൽ അയയ്ക്കാതെ വരുന്നത് യാത്രക്കാരിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. രാവിലെ ഹൈറേഞ്ചിൽ നിന്നുള്ള പല സ്റ്റോപ്പുകളിലും ബസിനെ കാത്ത് നിൽക്കുന്നവർ നിരാശരാകുന്നു. മുന്നാറിൽ നിന്നും ദേശീയ പാതയിലൂടെ ഊന്നുകല്ലിലെത്തി തൊടുപുഴ വഴി ഏളുപ്പം കോട്ടയത്തെത്തുന്ന ബസ് ടൂറിസ്റ്റുകൾക്കും അനുഗ്രഹമാണ്. കുമരകത്ത് പോയി കോട്ടയം വഴി എത്തുന്ന വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ ദുരത്തിൽ ബസ് മാർഗ്ഗം മൂന്നാറിലെത്തുന്ന സർവ്വീസാണിത്. അവധി ദിവസമാണ് ടൂറിസ്റ്റുകൾ കൂടുതൽ എത്തുന്നത്. ഈ ദിസസങ്ങളിൽ ലോക് അഴിച്ചാൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ ബസിനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് പ്രയോജനമാകും.

മൂന്ന് സ്റ്റോപ്പുകളിൽ ടിക്കറ്റ് നിരക്ക് കൂടി

മൂന്നാർ- കോട്ടയം ബസ് ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ആയതോടെ ഊന്നുകല്ലിനും - തൊടുപുഴയ്ക്കും ഇടയിൽ മൂന്ന് സ്റ്റോപ്പുകളിൽ ടിക്കറ്റ് നിരക്കിൽ വ്യത്യാസം ഉണ്ടായി. കൂവള്ളുർ, പെരുമാംകണ്ടം, പാറ സ്റ്റോപ്പുകളിലാണ് ചാർജ്ജിൽ മാറ്റം വന്നത്. കൂവള്ളൂരിൽ നിന്നും കയറിയിറങ്ങുന്നവർക്ക് മൂന്ന് രുപയും, മറ്റു രണ്ട് സ്റ്റോപ്പുകളിൽ രണ്ട് രൂപ വീതവുമാണ് വ്യത്യാസം..

കുയിലി മല- മുട്ടുകാട് സർവ്വീസും മുടങ്ങുന്നു

മൂന്നാർ സെൻറ് റിൽ നിന്നുള്ള കുയിലിമല- മുട്ടുകാട് സർവ്വിസുകളും രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ അയക്കാറില്ല. ലോക്ക്ഡൗൺ കഴിഞ്ഞ് ടുറീസം മേഖല അടക്കം സജീവമാകുമ്പോഴും അവധി ദിവസങ്ങൾ ഒഴിവാക്കിയാണ് കെ.എസ്. ആർ.ടി.സി പല റൂട്ടുകളിലും സർവ്വീസ് വിടുന്നത്.