തൊടുപുഴ: നഗരസഭ ടൗൺ ഹാളിന്റെ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് പടികൾ ചവിട്ടിക്കയറിയാണ് തദ്ദേശസ്വയം ഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററും കളക്ടർ ഉൾപ്പെടെയുള്ള സംഘവും രണ്ടാം നിലയിലുള്ള ഉദ്ഘാടന വേദിയിൽ എത്തിയത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ ജില്ലകളിലും മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന അവലോകനങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് മന്ത്രി ടൗൺഹാളിലെ യോഗത്തിൽ എത്തിയത്. ടൗൺ ഹാളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നവരുടെ സൗകര്യാർത്ഥമാണ് ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് സ്ഥാപിച്ചത്. എന്നാൽ ലിഫ്റ്റ് ആർക്കും പ്രയോജനം കിട്ടാത്ത അവസ്ഥയിലാണ്. ചില നവീകരണങ്ങൾ നടത്താറുണ്ടെങ്കിലും മിക്കവാറും ദിവസങ്ങളിൽ ഇത്‌ പ്രവർത്തന രഹിതമാണ്. നഗരസഭ മുൻ ഭരണ സമിതിയുടെ കാലത്താണ് ലിഫ്റ്റ് സ്ഥാപിച്ചത്. നിർമ്മാണ സമയം മുതൽ ലിഫ്റ്റ് വിവാദങ്ങളിൽപെട്ടിരുന്നു.