മ്രാല: ടിപ്പർ ലോറി തട്ടി കടപുഴകി മറിഞ്ഞ പാഴ് മരത്തിന്റെ തടികകൾ റോഡരുകിൽ നിന്ന് നീക്കം ചെയ്യാത്തത് അപകട ഭീഷണിയാകുന്നു. മുട്ടം- തൊടുപുഴ റൂട്ടിൽ മ്രാല കവലക്ക് സമീപത്താണ് സംഭവം. ടിപ്പർ ലോറി റോഡരുകിൽ ഒതുക്കി പാർക്ക് ചെയ്തപ്പോഴാണ് പാഴ് മരത്തിൽ തട്ടി മരം ചുവടോടെ മറിഞ്ഞ് റോഡിൽ വീണത്. ഇതേ തുടർന്ന് റോഡിൽ ഏറെ സമയം.ഗതാഗതം തടസപ്പെട്ടിരുന്നു. ഗതാഗത തടസം പരിഹരിക്കാൻ പ്രദേശവാസികളും ഓട്ടോ - ടാക്സി തൊഴിലാളികളും ചേർന്ന് മരത്തിന്റെ തടിയും ശിഖരങ്ങളും വെട്ടി മാറ്റി റോഡരികിലേക്ക് ഇട്ടതാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. നിത്യവും അനേകം വാഹനങ്ങൾ കടന്ന് പോകുന്ന റോഡരുകിലാണ് ഇതെല്ലാം കൂടി കിടക്കുന്നത്.