തൊടുപുഴ: ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടിക്കടി സ്ഥലം മാറ്റം വാങ്ങി പോകുന്നത് ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ തൊടുപുഴ ടൗൺഹാളിൽ നടന്ന പദ്ധതി അവലോകന യോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തവെയാണ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ഇടുക്കി ജില്ലയിൽ താമസിക്കുന്നവരും മറ്റ് ജില്ലകളിൽ നിന്ന് ഇവിടെ ജോലി ചെയ്യുന്നവരുമായ ഉദ്യോഗസ്ഥരിൽ മിക്കവാറും ആളുകൾ ഈ രീതിയാണ് പിന്തുടരുന്നത്. തദ്ദേശ വകുപ്പിൽ മാത്രമല്ല മറ്റ് പല വകുപ്പുകളിലും ഈ അവസ്ഥയാണുള്ളത്. ഇടുക്കി പോലുള്ള പിന്നാക്ക ജില്ലകളിൽ ഉദ്യോഗസ്ഥർ നിശ്ചിതകാലം ജോലി ചെയ്യുന്നതിന് നിയമനിർമ്മാണം നടത്താൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും ജിജി കെ. ഫിലിപ്പ് വേദിയിൽ ഇരിക്കുന്ന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.