water

കട്ടപ്പന : ബൈപ്പാസ് റോഡ് നിർമ്മാണത്തിനായി കുടിവെള്ളപൈപ്പുകൾ മാറ്റിയത് പഴയ രീതിയിൽ പുന:സ്ഥാപിക്കാൻ കഴിയാതെ വന്നതോടെ പള്ളിക്കവല മേഖലയിലെ നിരവധി കുടുംബങ്ങൾ കടുത്ത ജലക്ഷാമത്തിൽ.പല കുടുംബങ്ങളും പുറത്ത് നിന്ന് പണം മുടക്കിയാണ് ഇപ്പോൾ വീട്ടിലേയ്ക്ക് വെള്ളമെത്തിക്കുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപാണ് സ്‌കൂൾകവല പള്ളിക്കവല റോഡ് എം എൽ എ ഫണ്ട് വിനിയോഗിച്ചുള്ള നവീകരണം ആരംഭിച്ചത്. ഇതിനുവേണ്ടിയാണ് റോഡരികിലൂടെ കടന്ന് പോകുന്ന വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പുകൾ നീക്കം ചെയ്തത്. റോഡ് നിർമ്മാണവും ഐറിഷ് ഓട നിർമ്മാണവും പൂർത്തിയാക്കിയാൽ ഉടൻ പൈപ്പുകൾ പുന:സ്ഥാപിക്കുമെന്നായിരുന്നു അധികൃതർ ഉപഭോക്താക്കൾക്ക് നൽകിയ വിശദീകരണം. എന്നാൽ റോഡ് നിർമ്മാണത്തിലടക്കം കാലതാമസം നേരിട്ടതോടെ പറഞ്ഞ സമയത്ത് കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനായില്ല.പിന്നീട് പരാതി ഉയർന്നതോടെ റോഡിന്റെ മൺതിട്ടയിലൂടെ പൈപ്പ് സ്ഥാപിച്ചെങ്കിലും പലയിടത്തും ചോർച്ചയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.ബൈപ്പാസ് റോഡ് ടാറിംഗ് കഴിഞ്ഞ ആഴ്ച്ചയാണ് പൂർത്തിയായത്. 2 ദിവസങ്ങൾക്ക് മുൻപാണ് ഐറിഷ് ഓടയും നിർമ്മിച്ച് തുടങ്ങിയത്.ഓട നിർമ്മാണവും കൂടി പൂർത്തിയായെങ്കിൽ മാത്രമേ പൈപ്പ് പഴയ രീതിയിൽ പുനസ്ഥാപിക്കാൻ കഴിയുകയുള്ളു. അതുവരെ ജല വിതരണം തടസ്സപ്പെടുവാനാണ് സാദ്ധ്യത.

• റോഡ് നവീകരണത്തിന് മുൻപും പൈപ്പിൽ സ്ഥിരം ചോർച്ച

റോഡ് നവീകരണം ആരംഭിക്കുന്നതിന് മുൻപും ജല വിതരണ പൈപ്പിലെ ചോർച്ച കാരണം ദിവസേന ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പഴായിക്കൊണ്ടിരുന്നത്. സെന്റ് ജോൺസ് ആശുപത്രിയ്ക്ക് സമീപത്തെ വലിയ ചോർച്ച റോഡ് തകരുന്നതിന് കാരണമായിരുന്നു.
വിവാദമായതോടെ ചോർച്ച അടയ്ക്കുന്നതിന് പകരം ഈ ഭാഗത്തേയ്ക്കുള്ള ജലവിതരണം നിർത്തി വയ്ക്കുകയാണ് അധികൃതർ അന്ന് ചെയ്തത്.