തൊടുപുഴ: ജനങ്ങൾക്ക് അവകാശപ്പെട്ട സേവനം സമയബന്ധിതമായി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.. നവകേരള തദ്ദേശകം ജില്ലാതല യോഗം തൊടുപുഴ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണധാകാരികളെന്ന മനസ്സാണ് പല തദ്ദേശ ഭരണ സ്ഥാപന ജനപ്രതിനിധികൾക്കും ജീവനക്കാർക്കും. ഇത് തിരുത്തണം. സേവനമാണ് നിർവ്വഹിക്കാനുള്ളത്. അപേക്ഷയുമായി ഓഫീസിലെത്തി ആശ്രയിക്കുന്നവർ ആശ്രിതരണെന്ന ധാരണ ഭരണ സ്ഥാനങ്ങളിലുള്ളവർ തിരുത്തണം. സേവന നൽകുകയെന്നത് ഭരണ നിർവ്വഹണത്തിലുള്ളവരുടെ കടമയാണ്. ജനങ്ങൾക്ക് അർഹതപ്പെട്ട സേവനം കൃത്യസമയത്ത് ലഭിക്കണം. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ളതാകണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനംമെന്നും അദ്ദേഹം പറഞ്ഞു.
.

ഒരു കളിസ്ഥലമെങ്കിലും ഇല്ലാത്ത ഒരു പഞ്ചായത്തും ഉണ്ടാകാൻ പാടില്ല. ഒരു കളിയുടേയെങ്കിലും ടീമും എല്ലാ പഞ്ചായത്തിലും ഉണ്ടാകണം. സാംസ്‌കാരിക സ്ഥാപനങ്ങളായ ക്ലബുകൾ, വയാനശാലകൾ എന്നിങ്ങനെ സന്തോഷമുള്ള ജനതയുടെ നാടാകണം നമ്മുടേത്. മന്ത്രി പറഞ്ഞു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഷീബാ ജോർജ്ജ് സ്വാഗതം പറഞ്ഞു. തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എം. നൗഷാദ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ലതീഷ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ഉഷ, തദ്ദേശ സ്വയം ഭരണ വകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ഷെർമിള മേരി ജോസഫ്, പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ, ഗ്രാമവികസന വകുപ്പ് ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണർ ജി. കൃഷ്ണ കുമാർ, അർബൻ അഫയേഴ്‌സ് റീജിയണൽ ജോയിന്റ് ഡയറക്ടർ അരുൺ രാഘവ് എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ കെ.വി. കുര്യാക്കോസ് നന്ദിയും പറഞ്ഞു.