
തൊടുപുഴ: സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് സമ്പൂർണ്ണ വിജയമാക്കണമെന്ന് ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം ആഹ്വാനം ചെയ്തു. പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിനും കുടിശികയായ ക്ഷാമബത്ത ജീവനക്കാർക്ക് അനുവദിക്കുന്നതിനും മെഡിസെപ്പ് പദ്ധതി അപാകതകൾ പരിഹരിച്ച് നടപ്പിലാക്കുന്നതിനും തൊടുപുഴയിൽ വനിതാ ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് സൗകര്യം ഏർപ്പെടുത്താൻ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ രമേശ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ കെ സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി ആർ ബീനാമോൾ സംഘടന റിപ്പോർട്ടും മേഖലാ സെക്രട്ടറി ഡി കെ സജിമോൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല ട്രഷറർ സനോജ് ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി ബിനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ഒ കെ അനിൽകുമാർ, എം കെ റഷീദ്, ജി രമേശ്, ജില്ലാ പ്രസിഡന്റ് ആർ ബിജുമോൻ എന്നിവർ സംസാരിച്ചു. ഡബ്ല്യു.സി.സി ജില്ലാ സെക്രട്ടറി എ സുരേഷ് കുമാർ ഉപഹാരം കൈമാറി. ബിനു വി ജോസ് സ്വാഗതവും കെ എം വിനീത് നന്ദിയും പറഞ്ഞു..ഭാരവാഹികളായി ബഷീർ വി മുഹമ്മദ് (പ്രസിഡന്റ്), ഷൗക്കത്ത് അലി, രാജിമോൾ എൻ കെ (വൈസ് പ്രസിഡന്റുമാർ), വി കെ മനോജ്(സെക്രട്ടറി), എൻ എസ് ഇബ്രാഹിം, കെ എം വിനീത് (ജോ. സെക്രട്ടറിമാർ), ടി എസ് ഹരി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.