തൊടുപുഴ: ജില്ലയിലെത്തുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടിക്കടി സ്ഥലം മാറിപോകുന്നത് ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നെന്ന് ഇന്നലെ തൊടുപുഴ ടൗൺഹാളിൽ നടന്ന പദ്ധതി അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞത് ചർച്ചയായിരുന്നു. എന്നാൽ ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ തോന്നും പോലെ സ്ഥലം മാറ്റുന്നതിന് തടയിട്ട് ഒരാഴ്ച മുമ്പ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലം മാറ്റം വികസന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി. ഇടുക്കിയ്ക്ക് പുറമെ വയനാട്, കാസർകോട് ജില്ലകൾക്കും നിർദേശം ബാധകമാണ്. ഇടുക്കി ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് വികസന പദ്ധതികൾ വിജയരമായി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലയിൽ തുടരേണ്ടതുണ്ടെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ആഷ തോമസ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഉദ്യോഗസ്ഥർ അടിക്കടി സ്ഥലംമാറ്റപ്പെടുന്നത് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നു. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ഉടൻ അവധിയിൽ പോകുന്ന പ്രവണത വ്യാപകമാണ്. അവശ്യ തസ്തികകളിൽ ജീവനക്കാർ ഇല്ലാത്തുമുലം പദ്ധതികൾ നടപ്പാക്കാൻ വലിയ കാലതാമസം നേരിടുന്നതായി ഇടുക്കി പാക്കേജ് നടത്തിപ്പ് സംബന്ധിച്ച അവലോകനയോഗം വിയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇടുക്കി ജില്ലയിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിൽ ജില്ലയിൽ തന്നെ ജോലി ചെയ്യുന്നെന്ന് ഉറപ്പാക്കണമെന്ന് വകുപ്പ് മേധാവികളോട് നിർദേശിച്ചിരിക്കുന്നത്. പദ്ധതി നിർവഹണത്തിന് അനുയോജ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുകയും പ്രസ്തുത പദ്ധതിയുടെ ആവശ്യകത അടിസ്ഥാനമാക്കി ജില്ലയിൽ അവരുടെ സേവന കാലാവധി നിശ്ചയിക്കുകയും വേണമെന്നാണ് നിർദേശം. ഈ കാലാവധി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ജില്ലയിൽ തുടരണം. ഇതുസംബന്ധിച്ച നിർദേശം അടങ്ങിയ നിയമന ഉത്തരവ് പുറപ്പെടുവിക്കാനും വകുപ്പ് തലവൻമാരോട് നിർദേശിച്ചിട്ടുണ്ട്.

അട്ടിമറിക്കാൻ യൂണിയനുകൾ

പുതിയ ഉത്തരവ് ജില്ലയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇതര ജില്ലകളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥർ എത്രയും വേഗം യൂണിയൻകാരുടെ സഹായത്തോടെ സ്ഥലം മാറ്റം വാങ്ങിപ്പോകുന്നത് ഇടുക്കിയിൽ പതിവാണ്. ഇത് മൂലം നിരവധി വികസന പദ്ധതികളാണ് പാതിവഴിയിൽ മുടങ്ങിപോകുന്നത്. ഉത്തരവ് അട്ടിമറിക്കാൻ യൂണിയനുകൾ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ അവകാശലംഘനമാണെന്നാണ് ഇവരുടെ വാദം. പുതിയ ഉത്തരവ് യൂണിയൻ നേതാക്കളുടെ വെല്ലുവിളി മറികടന്ന് നടപ്പിലാക്കാൻ വകുപ്പ് മേധാവികൾ തയ്യാറാകുമോയെന്ന് കണ്ടറിയണം.