തൊടുപുഴ: ജപ്തി നടപടികൾ അടിയന്തരമായി നിറുത്തിവച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജില്ലാ തല ബാങ്കിംഗ് അവലോകന സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ദുരിതപൂർണമായ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ സർഫാസി നിയമമനുസരിച്ച് എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി കൃഷി ഭൂമിയും വീടും ജപ്തി ചെയ്യുകയാണ്. പലപ്പോഴും വായ്പാ തുകയേക്കാളും വലിയ മൂല്യമുള്ള വീടും സ്ഥലവുമാണ് പിടിച്ചടക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടാകണം. പലപ്പോഴും വായ്പയെടുക്കുന്നത് മുഴുവൻ വസ്തു വകകളും പണയപ്പെടുത്തിയായിരിക്കും. ഭൂമിയുടെ ഒരു ഭാഗം മാത്രം വിൽപ്പന നടത്തി ജപ്തി ഒഴിവാക്കുന്നതിന് അവസരമൊരുക്കുന്നതിന് നയപരമായ തീരുമാനം ഉണ്ടാകണം. അതിന് മാർക്കറ്റ് വില ഇടിച്ചു താഴ്ത്തുന്ന തരത്തിൽ നോട്ടീസ് പതിക്കണം. വീടുകയറി ഭീഷണിപ്പെടുത്തുന്ന സമീപനം മാറണം. കുടിശിഖ അദാലത്ത് നടത്തി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാൻ തയ്യാറാകണം. മോറോട്ടോറിയം കാലാവധിയിലെ പലിശയും പിഴ പലിശയും ഒഴിവാക്കി കാലാവധി നീട്ടി നൽകുന്നതിന് തയ്യാറാകണം. വിദ്യാഭ്യാസ വായ്പയുടെ പലിശ പൂർണമായും ഒഴിവാക്കി റീഷെഡ്യൂൾ ചെയ്യാനും തയ്യാറാകണമെന്ന് എം.പി പറഞ്ഞു.