ഡ്രൈവറുടെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി

മൂന്നാർ: മൂന്നാറിൽ വിനോദ സന്ദർശനത്തിന് എത്തിയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു . കൊല്ലം അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ജീന (20) ജെബി (37) മഹേഷ് (28) ഗോകുൽ (28) പ്രദീപ് (30) തോമസ് മോഹൻ (37) രാഹുൽ (20) അജ്ഞിത ( 21 ) നന്ദൻ (20) വിൻസി (20) ലിനി (20) സിൽദയി (28) സിബീന (20) ഷീന (21) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ മൂന്നാർ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ മൂന്നാർ ടോപ് സ്റ്റേഷൻ റോഡിൽ കൊരണക്കാട് ഫോട്ടോ പോയിന്റിന് സമീപമുള്ള കൊടും വളവിലാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് ഡ്രൈവർ പ്രകടിപ്പിച്ച സമചിത്തതയാണ് വലിയൊരു ദുരന്തത്തിൽ നിന്നും വിദ്യാർത്ഥികൾ രക്ഷപെടാൻ ഇടയായത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് മനസ്സിലായ ഡ്രൈവർ ഗോഗുൽ തുളസീധരൻ മൺതിട്ടയിലൂടെ കയറ്റി മരത്തിൽ ഇടിച്ചു നിർത്താൻ ശ്രമിച്ചു. ഇതു കാരണം ബസ് മറിയാതെ ചെരിവിൽ തങ്ങി നിൽക്കുകയായിരുന്നു.