തൊടുപുഴ: 28, 29 തീയതികളിൽ പൊതുപണിമുടക്കായതിനാൽ ഞായറാഴ്ചയായ 27ന് റേഷൻ കടകൾ തുറക്കണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് എ.കെ.ആർ.ആർ.‌ഡി.എ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റേഷൻ വ്യാപാരികളെ ബന്ധപ്പെടുത്തുന്ന യാതൊരു ആവശ്യങ്ങളും പൊതുപണിമുടക്ക് സംഘടിപ്പിക്കുന്നവർ മുന്നോട്ട് വച്ചിട്ടില്ല. അതുകൊണ്ട് റേഷൻ വ്യാപാരികൾക്ക് പൊതുപണിമുടക്കിനെ അനുകൂലിക്കുന്നോ എതിർക്കുന്നോയില്ല. പൊതുപണിമുടക്ക്, ഹർത്താൽ തുടങ്ങിയ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമ്പോൾ അവശ്യ സർവീസുകളായ, പാൽ, വെള്ളം, പത്രം, മെഡിക്കൽ ഷോപ്പുകൾ എന്നിവയെ ഒഴിവാക്കാറുണ്ട്. ഇതേപോലെ തന്നെ അവശ്യസർവ്വീസായ പൊതുവിതരണം കൂടി ഒഴിവാക്കേണ്ടതാണ്. പ്രതിമാസ റേഷൻ വിതരണ സംവിധാനമുള്ള സംസ്ഥാനത്ത് മാസാവസാനമായ 28, 29 തീയതികൾ കൂടുതൽ റേഷൻ കാർഡുടമകൾ റേഷൻ വാങ്ങാനെത്തുന്ന ദിവസങ്ങളാണ്. ഈ സാഹചര്യത്തിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ സംരക്ഷണം സർക്കാർ നൽകണം. അവധി ദിവസമായ ഞായറാഴ്ച കടകൾ തുറന്ന് പ്രവർത്തിക്കാനുമുള്ള മന്ത്രിയുടെ ഏകപക്ഷീയമായ തീരുമാനം ഖേദകരമാണ്. ക്രൈസ്തവർക്ക് നോമ്പിന്റെ പ്രധാന ദിനങ്ങളാണിപ്പോൾ. ഞായറാഴ്ച ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളുണ്ട്. മുസ്ലീങ്ങൾക്കു നോമ്പിന് മുന്നോടിയായി 27ന് പ്രത്യേക ചടങ്ങുകളുണ്ട്. 28, 29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണ് ഞായറാഴ്ച കടകൾ തുറക്കണമെന്ന ആഹ്വാനം. പൊതുപണിമുടക്ക് ദിവസങ്ങളിൽ ഉണ്ടാകാവുന്ന പ്രതിസന്ധി കണക്കാക്കി സർക്കാർ ജീവനക്കാരോട് ഞായറാഴ്ച ജോലി ചെയ്യാൻ സർക്കാർ ആവശ്യപ്പെടുമോ. ഭക്ഷ്യ മന്ത്രിയുടെ വകുപ്പിന്റെ കീഴിൽ വരുന്ന മാവേലി സ്റ്റോറുകൾ എൻ.എഫ്.എസ്.എ ഗോഡൗണുകൾ, സപ്ലൈകോ ഡിപ്പോകൾ, മണ്ണെണ്ണ ഹോൾസെയിലുകൾ എന്നിവ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കാൻ മന്ത്രി തയ്യാറാകുമോ. കൊവിഡ് കാലത്ത് സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും കടകൾ തുറന്ന് പ്രവർത്തിച്ച റേഷൻ വ്യാപാരികളെ ഇപ്പോൾ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ വേണ്ടി നിർബന്ധിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.കെ.ആർ.ആർ.‌ഡി.എ ജില്ലാ സെക്രട്ടറി എസ്.എം. റെജിയും പങ്കെടുത്തു.