കാർഷിക- ടൂറിസം ആരോഗ്യ മേഖലകൾക്ക് പ്രാമുഖ്യം
തൊടുപുഴ: കാർഷിക- ടൂറിസം- ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകുന്ന നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നഗരസഭയുടെ ബഡ്ജറ്റ്. 99,38,04,000 രൂപ ആകെ വരവും 98,68,15,200 രൂപ ചെലവുമുള്ള ബഡ്ജറ്റാണ് വൈസ് ചെയപേഴ്സൺ ജെസി ജോണി അവതരിപ്പിച്ചത്. തൊടുപുഴയുടെ കാർഷികരംഗം, ടൂറിസം സാധ്യതകൾ, ആരോഗ്യ രംഗം, വിദ്യാഭ്യാസം, സാംസ്‌കാരികം, ശുചിത്വം, ഭവനരഹിതരില്ലാത്ത നഗരം, അമൃത് പദ്ധതി, ഷെൽറ്റർ ഹോം, തൊഴിലുറപ്പ് പദ്ധതി, ഇൻസിനേറ്റർ, സ്ത്രീ സൗഹൃത പദ്ധതി, സട്രീറ്റ് വെൻഡേഴ്‌സ്, വയോവൃദ്ധർ, ഭിന്നശേഷിക്കാർ നഗര സൗന്ദര്യ വത്കരണം, ഹരിത ഭവനം തുടങ്ങിയവയ്ക്കാണ് ബഡ്ജറ്റിൽ പ്രഥമ പരിഗണന നൽകിയിട്ടുണ്ട്. കൃഷിയ്ക്കും അനുബന്ധ മേഖലകൾക്കുമായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തൊടുപുഴ പാർക്കിൽ നിന്ന് ഉറവാപ്പറയിലേയ്ക്ക് റോപ്പ് വേ, ഉറവപ്പാറയിൽ നക്ഷത്ര നിരീക്ഷണ കേന്ദ്രം, തൊടുപുഴ മുതൽ മലങ്കര വരെ ജലയാത്രാ സൗകര്യം, സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് കൺഡക്ടഡ് ടൂർ, റിവർവ്യൂ റോഡിന്റെ സൗന്ദര്യവത്കരണം, വള്ളംകളി ഇവയെല്ലാം ചേരുന്ന ഉറവപ്പാറ ടൂറിസം പദ്ധതിയ്ക്ക് ഒരു കോടി രൂപയാണ് വകയിരുത്തി. തൊടുപുഴയെ ടൂറിസം ഹബ്ബാക്കി മാറ്റും. ഏപ്രിലിൽ ഡി.പി.ആർ ടൂറിസം വകുപ്പിന് നൽകും. പാറക്കടവ് പി.എച്ച്.എസി വികസനത്തിന് സ്ഥലം എടുക്കാൻ അമ്പത് ലക്ഷം രൂപ അനുവദിച്ചു. പട്ടയംകവല വലതു കനാൽ ഭാഗത്തും വെങ്ങല്ലൂർ ഭാഗത്തും ഹെൽത്ത് സെന്റർ സ്ഥാപിക്കാൻ രണ്ട് ലക്ഷം രൂപയും പഴുക്കാകുളം, പാറക്കടവ്, മലേപ്പറമ്പ് പി.എച്ച്.എസികൾ സി.എച്ച്.സികളായി ഉയർത്താൻ 1.25 കോടി രൂപയും വകയിരുത്തി. അംഗൻവാടികളുടെ കെട്ടിട നിർമാണത്തിന് കേന്ദ്രസഹായമായി 25 ലക്ഷം രൂപയും സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് സംവിധാനത്തിന് ഒരു ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. തൊടുപുഴ നഗരത്തിന്റെ ശുചീകരണം ഉറപ്പാക്കാൻ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ 65 ലക്ഷം രൂപയും ശാസ്ത്രീയ അറവുശാലകളുടെ നിർമാണത്തിന് ഏഴ് കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ഭൂരഹിത ഭവന രഹിതർക്ക് ഭവന നിർമാണത്തിനും തുടർനടപടികൾക്കുമായി 2.60 കോടിയും ലൈഫ് പദ്ധതിക്ക് സ്ഥലം കണ്ടെത്തുന്നതിനായി രണ്ട് കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ലോറി സ്റ്റാൻഡിലേക്ക് മുനിസിപ്പൽ ഓഫീസ് വിപുലമായ സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കുന്നതിന് മൂന്ന് കോടി 10 ലക്ഷം രൂപയും അനുവദിച്ചു. തണൽ മരങ്ങളും ഫാൻസി ലൈറ്റുകളും മനോഹരമായ നടപ്പാതകളും സ്ഥാപിച്ച് നഗരസൗന്ദര്യവത്കരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു.
നാല് പുതിയ ഷോപ്പിംഗ് കോംപ്ലക്സുകൾ
നഗരസഭയുടെ തനത് വരുമാനം വർദ്ധിപ്പിക്കാൻ മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ് പൂർത്തീകരിക്കുന്നതിന് 3.3 കോടി രൂപ അനുവദിച്ചത് കൂടാതെ നാല് പുതിയ ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ നിർമാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. വെങ്ങല്ലൂർ സ്മിത ആശുപത്രിക്ക് സമീപം- 10 കോടി, കോതായികുന്ന് ബസ് സ്റ്റാന്റിന് സമീപം- 5 കോടി, ഗാന്ധി സ്‌ക്വയർ- 1.1 കോടി, ലോറി സ്റ്റാൻഡിൽ- 3.1 കോടി എന്നിവിടങ്ങളിലാണ് പുതിയ ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമിക്കുക.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
മുനിസിപ്പൽ ലൈബ്രറി കെട്ടിട നിർമാണം- അഞ്ച് കോടി
ജി.വി.എച്ച്.എസ്.എസ് കെട്ടിട നിർമാണം- അഞ്ച് കോടി
പാടശേഖര സമിതി സംഭരണ, സംസ്‌കരണ, വിതരണ കേന്ദ്രം- 10 ലക്ഷം
അമൃത് സമ്പൂർണ കുടിവെള്ള പദ്ധതി- 8.61 കോടി
ഷെൽട്ടർ ഹോം- 1.5 കോടി
കായിക, നീന്തൽ പരിശീലനം- അഞ്ച് ലക്ഷം
പട്ടയംകവല കുട്ടികളുടെ പാർക്ക്- അഞ്ച് ലക്ഷം
പാലിയേറ്റീവ് പരിചരണം- 10 ലക്ഷം
 
ബഹളവും ബഹിഷ്കരണവുമായി യു.ഡി.എഫ്
കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 27 പദ്ധതികളിൽ ഒന്ന് പോലും നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ബഹളം വച്ച യു.ഡി.എഫ് കൗൺസിലർമാർ ബഡ്ജറ്റ് അവതരണം ബഹിഷ്‌കരിച്ചു. രാവിലെ 11ന് ചെയർമാൻ സനീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി ബഡ്ജറ്റ് അവതരിപ്പിക്കാൻ തുടങ്ങുന്നതിനിടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു. ബഡ്ജറ്റ് മുൻ വർഷത്തേതിന്റെ തനിയാവർത്തനമാണെന്നും ഇവയിൽ പലതും നടപ്പാക്കിയില്ലെന്നും ചൂട്ടിക്കാട്ടി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീമാണ് ആദ്യം പ്രതിഷേധവുമായി എഴുന്നേറ്റത്. പ്രഖ്യാപിച്ച പദ്ധതികളിലൊന്ന് പോലും നടപ്പാക്കിയിട്ടില്ലെന്നും മുൻ കാലത്തെ പദ്ധതികൾ നിലച്ച് കിടക്കുന്ന സാഹചര്യമാണെന്നും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപക് പറഞ്ഞു. ഇതേവാദവുമായി യു.ഡി.എഫ് കൗൺസിലർമാരായ ജോസഫ് ജോൺ, സഫിയ ജബ്ബാർ, സനു കൃഷ്ണൻ എന്നിവർ ഒന്നടങ്കം പ്രതിഷേധവുമായി എഴുന്നേറ്റു. ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും പദ്ധതികൾ മുൻ വർഷത്തെ ബഡ്ജറ്റിന്റെ തനിയാവർത്തനമാണെന്നും ഇവർ പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത് ബഡ്ജറ്റുകളും ഇങ്ങനെ തന്നെയാണെന്ന മറുപടിയുമായി ചെയർമാൻ രംഗത്തെത്തിയതോടെ ബഹളമയമായി. ഒടുവിൽ പ്രതിഷേധങ്ങളെ അവഗണിച്ച് വൈസ് ചെയർമാൻ ബഡ്ജറ്റ് അവതിരിപ്പിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷം കൗൺസിൽ ഹാളിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.