കട്ടപ്പന: നഗരവത്ക്കരണം ഉൾപ്പടെ എല്ലാ മേഖലയ്ക്കും തുല്യ മുൻതൂക്കം നൽകി കട്ടപ്പന നഗരസഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. 46.4 കോടി രൂപ വരവും 45.63 കോടി ചെലവും 41.62 ലക്ഷം നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് നഗരസഭാ ഉപാദ്ധ്യക്ഷൻ ജോയി ആനിത്തോട്ടം അവതരിപ്പിച്ചത്.
നഗരസഭയ്ക്ക് ലഭിക്കേണ്ട ഫണ്ടുകളുടെ വിഹിതം കൊവിഡ് കാലത്ത് കുറഞ്ഞത് വാർഷിക പദ്ധതികളുടെ പൂർത്തീകരണത്തെ ബാധിച്ചുവെന്ന് ബജറ്റിൽ പറയുന്നു.ആരോഗ്യ മേഖലയിലെ പ്രധാന ആശുപത്രിയായ താലൂക്ക് ആശുപത്രിയിൽ കൂടുതൽ നവീകരണങ്ങൾ നടത്തും.കൂടുതൽ രോഗികൾക്ക് ഡയാലിസിസിസ് ചെയ്യാൻ സൗകര്യമൊരുക്കും.ഇതിനായി 45 ലക്ഷം രൂപ നീക്കിവെക്കും.പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ ഒരുങ്ങുന്ന അർബുദരോഗ നിർണയ കേന്ദ്രത്തിന് ഉപകരണങ്ങൾ വാങ്ങാൻ 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഇവ കൂടാതെ ആയുർവേദ ഹോമിയോ ആശുപത്രികൾ,അർബൻ ഹെൽത്ത് സെന്റർ എന്നിവയുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും ഇതിനായി 20 ലക്ഷം രൂപയും നീക്കി വയ്ക്കും. നിലവിലുള്ള ഹരിത കർമ്മ സേനയുടെ പ്രവർത്തനം വർദ്ധിപ്പിക്കും.പാഴ് വസ്തുക്കളുടെ ശേഖരണവും ബയോഗ്യാസ് പ്ലാന്റുകളുടെ നിർമാണവും ഇതുവഴി ഊർജ്ജിതമാക്കും.എല്ലാ വാർഡുകളിലും എം.സി.എഫ് കൾ നിർമിക്കുവാനും തുക വിനിയോഗിക്കും. ആധുനിക സജ്ജീകരണങ്ങളോടെ നഗരത്തിൽ മാംസസ്റ്റാൾ നിർമിക്കും ഇതിനായി 75 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തി.പൊതു സ്ഥലങ്ങളിലെ മാലിന്യം തള്ളൽ ഓഴിവാക്കാനും നിരീക്ഷണവും ലക്ഷ്യമിട്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിയ്ക്കും. ഇതിനായി 25 ലക്ഷം രൂപ നീക്കിവെച്ചു.


• ഇൻഡോർ സ്‌റ്റേഡിയം പൂർത്തിയാക്കും

നഗരസഭാ കാര്യാലയത്തിന് മുൻപിലെ മൈതാനിയിൽ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിനുള്ള പദ്ധതികൾ ഈ സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കും. നഗരത്തിലെ കളി സ്ഥലങ്ങളുടെ അപര്യാപ്ത മനസ്സിലാക്കിയാണ് ഇൻഡോർ സ്‌റ്റേഡിയം ബജറ്റിൽ ഉൾക്കൊള്ളിച്ചത്.വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് കല്യാണത്തണ്ടിൽ റവന്യു വകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് വാച്ച് ടവർ നിർമിയ്ക്കും. ഗാന്ധി സ്‌ക്വയർ പുനരുദ്ധാരണത്തിനും മിനി സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്നതിനും 10 ലക്ഷം രൂപ വകയിരുത്തി. മിനി സ്റ്റേഡിയത്തിൽ ഡോ.ബി.ആർ. അംബേദ്കർ, അയ്യൻകാളി എന്നിവരുടെ പ്രതിമകളും സ്ഥാപിക്കും. ഇതിനായി 5 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

കട്ടപ്പന നഗരസഭ ബഡ്ജറ്റ് വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം അവതരിപ്പിക്കുന്നു.