തൊടുപുഴ: കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കിയ സ്വകാര്യ വർക്കിംഗ് വിമൺസ് ഹോസ്റ്റൽ അധികൃതർക്ക് നഗരസഭാ ആരോഗ്യവിഭാഗം നോട്ടീസ് നൽകി. കിഴക്കേയറ്റത്ത് റോഡരികിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് ചൊവ്വാഴ്ച രാത്രിയിൽ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയത്. പരിസരമാകെ ദുർഗന്ധം നിറഞ്ഞതിനെ തുടർന്ന് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ വിവരം കൗൺസിലർ മുഹമ്മദ് അഫ്സലിനെ അറിയിക്കുകയായിരുന്നു. കൗൺസിലർ അറിയിച്ചതിനെ തുടർന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ജി. സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.പി. സതീശൻ എന്നിവർ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെ രാവിലെ തൊഴിലാളികളെ ഉപയോഗിച്ച് ടാങ്ക് തുറന്നും പരിശോധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിന്റെ ടാങ്ക് നിറഞ്ഞ് മാലിന്യം ഓടയിലേക്കൊഴുകുന്നതാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഹോസ്റ്റൽ അധികൃതർക്ക് ആരോഗ്യവിഭാഗം നോട്ടീസ് നൽകി. തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ഹോസ്റ്റൽ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഇതിനുമുമ്പും ഹോസ്റ്റലിനെതിരെ സമാനമായ പരാതിയുയർന്നിട്ടുണ്ട്.