തൊടുപുഴ: നിരക്ക് വർദ്ധനയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ആരംഭിച്ച അനിശ്ചിതകാല ബസ് സമരത്തിൽ വലഞ്ഞ് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ. ജില്ലയിൽ ഇന്നലെ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ഇതോടെ സ്വകാര്യ ബസുകൾ മാത്രം സർവീസ് നടത്തുന്ന മലയോര മേഖലകളിലെ ജനങ്ങളാണ് ദുരിതത്തിലായത്.
സമരത്തിൽ ഏറ്റവുമധികം വലഞ്ഞത് വിദ്യാർത്ഥികളാണ്. സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷ നടക്കുകയാണ്. സ്വകാര്യ ബസ് ഇല്ലാത്തതിൽ ചില രക്ഷാകർത്താക്കൾക്ക് ജോലി ഉപേക്ഷിച്ച് വിദ്യാർത്ഥികളെ സ്വന്തം വാഹനങ്ങളിൽ സ്‌കൂളുകളിൽ എത്തിക്കേണ്ടി വന്നു. ഉൾപ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് കൃത്യസമയത്ത് എത്താൻ വളരെ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. മറ്ര് പല വിദ്യാർഥികളും ഓട്ടോറിക്ഷ, ടാക്‌സി, സ്വകര്യ വാഹനങ്ങളെ ആശ്രയിച്ചാണ് സ്‌കൂളുകളിലെത്തിയത്. ബസ് സ്റ്റോപ്പുകളിലും കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും യാത്രക്കാരുടെ വൻ തിരക്കായിരുന്നു. രാവിലെ എട്ട് മുതൽ 10.30 വരെയും വൈകിട്ട് നാല് മുതൽ ആറ് വരെയും കെ.എസ്.ആർ.ടി.സി ബസുകളിൽ തിങ്ങി ഞെരുങ്ങിയായിരുന്നു യാത്ര. കെ.എസ്.ആർ.ടി.സി കൂടുതൽ സർവീസ് നടത്തിയെങ്കിലും പലയിടത്തും അപര്യാപ്തമായിരുന്നു.
കെ. എസ്. ആർ. ടി. സി
കൂടുതൽ ബസുകൾ നിരത്തിലിറക്കി
ജില്ലയിൽ ഇന്നലെ പതിനഞ്ചോളം ബസുകൾ അധികമായി കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. ഇതുകൂടാതെ കളക്ഷൻ കുറവുള്ള റൂട്ടുകളിലെ ചില ട്രിപ്പുകൾ സ്വകാര്യ ബസുകൾ മാത്രമോടുന്ന റൂട്ടുകളിലേക്കാക്കി. ഇങ്ങനെ ജില്ലയിലാകെ എഴുപതോളം ട്രിപ്പുകൾ നടത്തിയതായി ഡി.ടി.ഒ അറിയിച്ചു. ജീവനക്കാരുടെ കുറവുണ്ടെങ്കിലും ഇന്ന് മുതൽ ആവശ്യാനുസരണം സർവീസുകൾ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിലെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് കൂടുതലും സ്വകാര്യ ബസുകളാണ് ആശ്രയം. ഇന്നലെ ഇത്തരം മേഖലകളിൽ ട്രിപ്പ് ജീപ്പുകൾ സർവീസ് നടത്തിയത് ആശ്വാസമായി. എങ്കിലും ഹൈറേഞ്ചിൽ പലയിടത്തും സർക്കാർ ഓഫീസുകളിലടക്കം ഹാജർനില കുറവായിരുന്നു.
"നിലനില്പിന്റെ പ്രശ്‌നമായതിനാൽ ആവശ്യങ്ങളിൽ തീരുമാനമാകുന്നത് വരെ ഒറ്റക്കെട്ടായി സമരം തുടരും
ബസുടമകൾ