കട്ടപ്പന :മുല്ലപ്പെരിയാർ മേൽനോട്ട സമിതികൾ പിരിച്ചു വിടണമെന്ന് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ.റസ്സൽ ജോയ് ആവശ്യപ്പെട്ടു. ഡാം സുരക്ഷാ വിദഗ്ദ്ധർ ഉൾപ്പെടാത്ത ഇത്തരം സമിതികൾ അധിക ബാദ്ധ്യതയാണ്.മേൽനോട്ട സമിതികൾ പിരിച്ചുവിടണമെന്ന് നിയമസഭയിൽ ഉന്നയിക്കാൻ ഒരു ജനപ്രതിനിധികൾക്ക് പോലും കഴിയാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഒരു ഡാമിന്റെ വിഷയമെന്നതിൽ ഉപരി ഒന്നരക്കോടി ജനങ്ങളുടെ ജീവന്റെ പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞാണ് ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകിയത്. റിലേബിലിറ്റി ശാസ്ത്രഞ്ജരെ എത്തിച്ച് ഡാം പരിശോധിക്കുവാനുള്ള അനുമതിയ്ക്കാണ് കേസിൽ കക്ഷി ചേരുവാൻ ഇടുക്കിയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സമീപിച്ചത്.എന്നാൽ ഒരു പഞ്ചായത്തും ഇക്കാര്യത്തിൽ പ്രതികരിക്കാത്തത് ദുഖകരമാണെന്നും റസൽ ജോയ് വ്യക്തമാക്കി. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഈ വിഷയത്തിൽ സേവ് കേരള ബ്രിഗേഡിനെ പിന്തുണച്ചുകൊണ്ട് കേസിൽ കക്ഷി ചേർന്നത് സ്വാഗതാർഹമാണ്.അടുത്തിടെ നടന്ന വാദത്തിൽ ഡാം സുരക്ഷയെക്കുറിച്ച് സുപ്രീം കോടതിയിൽ പരാമർശമുണ്ടായത് കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.തമിഴ്‌നാട്ടിലെ റിട്ടയേഡ് എൻജിനീയേഴ്‌സ് അസോസിയേഷൻ തമിഴ്‌നാടിനെ പിന്തുണച്ചുകൊണ്ട് ഇന്റർവീനിംഗ് പെറ്റീഷനുമായി സുപ്രീംകോടതിയിൽ എത്തിയത് കേരളത്തിലെ സംഘടനകൾ മാതൃകയായി കണ്ട് കേസിൽ കേരളത്തിനായി കക്ഷിചേരണമെന്നും സേവ് കേരള ബ്രിഗേഡ്‌സ് ആവശ്യമുന്നയിക്കുന്നുണ്ട്.സേവ് കേരള ബ്രിഗേഡിനെ പിന്തുണച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസും രംഗത്ത് എത്തിയിട്ടുണ്ട്.