തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. കരിമണ്ണൂർ ചെമ്മലക്കുഴിയിൽ ജോമോനാണ് (37) അറസ്റ്റിലായത്. കഴിഞ്ഞ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. തൊടുപുഴ ടൗൺഹാളിന് സമീപം സാവിയോ എന്ന യുവാവ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ സാവിയോയെ ഇതു വഴി വരികയായിരുന്ന ജോമോനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇയാൾ മടങ്ങുകയും ചെയ്തു. പിറ്റേ ദിവസമാണ് മാല മോഷണം പോയ വിവരം അറയുന്നത്. തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാർ, എസ്.ഐ ഹരിദാസ്, എ.എസ്.ഐമാരയ ഷംസുദ്ധീൻ, ബൈജു, സി.വി. ചന്ദ്ര ബോസ്, മാഹിൻ, സുനിൽ, ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികുടിയത്.